പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര ഭൂമിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വിജയകരമായി വിളവെടുത്തതിനെപ്പറ്റി എം.ബി.രാജേഷ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലെ അഞ്ചര ഏക്കർ ഭൂമിയിൽ ക്ഷേത്രവും പ്രദക്ഷിണവഴിയും അടക്കം ഭക്തജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലവും മാറ്റി ബാക്കിയുള്ള സ്ഥലം കൃഷിക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് കണ്ട് ക്ഷേത്ര കമ്മിറ്റി പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ആദ്യ ഘട്ടമായി 25 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്. ഇപ്പോൾ കൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കുകയാണ്. നല്ല വിളവ് ലഭിച്ചു എന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയച്ചുവെന്നും. രണ്ടാം ഘട്ടമായി ഒന്നര ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം ഏറെ പ്രശംസനീയമാണെന്നും എം.ബി.രാജേഷ് പോസ്റ്റിൽ പറയുന്നുണ്ട്.
കേരളത്തിൽ ധാരാളം ക്ഷേത്രങ്ങളിൽ ഇത്തരത്തില്‍ വിശാലമായ പരിസരമുണ്ട്. തരിശായി കിടക്കുന്ന അത്തരം സ്ഥലങ്ങളിൽ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒട്ടും ഭംഗം വരാത്ത രീതിയിൽ കൃഷി നടത്താൻ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിലും ഇങ്ങനെ കൃഷി ചെയ്യാൻ കഴിയും ഇങ്ങനെയുള്ള ഭൂമികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ക്ഷേത്രത്തിന്റെ ആത്മീയ അന്തരീഷത്തിന് ഒട്ടും ഭംഗം വരുത്താതെ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഭൂമി കാർഷികോൽപാദനത്തിനായി പ്രയോജനപ്പെടുത്തിയ പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ. മാതൃകാപരമായ ഒരു സംരംഭത്തിനാണ് തൃത്താല മണ്ഡലത്തിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര പരിസരത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തയ്യാറായത്.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. പരശുരാമൻ കേരളത്തിൽ സ്ഥാപിച്ച ആദ്യ ക്ഷേത്രമെന്നാണ് ഐതിഹ്യം. പെരുന്തച്ചന്റെ ഉളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു.
വിശാലമായ ക്ഷേത്ര പരിസരമാണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രത്തിനും പരിസരത്തിനും കൂടി ആകെ അഞ്ചര ഏക്കർ വിസ്തൃതിയുണ്ട്. ഇതിൽ ക്ഷേത്രവും പ്രദക്ഷിണവഴി അടക്കം ഭക്തജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലവും ചേർന്നാൽ രണ്ടര ഏക്കർ വരും. ബാക്കിയുള്ള സ്ഥലം കൃഷിക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് കണ്ടാണ് ക്ഷേത്ര കമ്മിറ്റി തീരുമാനമെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. ആദ്യ ഘട്ടമായി 25 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്.
പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കാൻ ഞാനും എത്തിയിരുന്നു. ഇപ്പോൾ കൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കുന്നു. നല്ല വിളവ് ലഭിച്ചു എന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയച്ചത്. രണ്ടാം ഘട്ടമായി ഒന്നര ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം ഏറെ പ്രശംസനീയമാണ്.
കേരളത്തിൽ ധാരാളം ക്ഷേത്രങ്ങളിൽ ഇത്തരത്തില്‍ വിശാലമായ പരിസരമുണ്ട്. തരിശായി കിടക്കുന്ന അത്തരം സ്ഥലങ്ങളിൽ ക്ഷേത്രത്തിന്റെ സാധാരണ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒട്ടും ഭംഗം വരാത്ത രീതിയിൽ കൃഷി നടത്താൻ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിലും ഇങ്ങനെ കൃഷി ചെയ്യാൻ കഴിയും. ഇത്തരത്തില്‍ പച്ചക്കറി കൃഷി നടത്തുന്ന ആലപ്പുഴയിലെ 'സില്‍ക്കി'ന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അടുത്തിടെ സന്ദര്‍ശിക്കുകയുണ്ടായി. മാരാരിക്കുളം മോഡല്‍ പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിയ ശ്രീ. ശുഭകേശന്റെയും ആലപ്പുഴയിലെ സിപിഐ എം നേതാവായ ശ്രീ. രാധാകൃഷ്ണന്റെയും എസ്എഫ്ഐ കാലം മുതല്‍ എന്റെ സുഹൃത്തായ സന്തോഷിന്റെയുമെല്ലാം ഉത്സാഹത്തിലാണ് ഈ പച്ചക്കറി കൃഷി നല്ല നിലയില്‍ നടന്നുവരുന്നത്. ഇതുപോലുള്ള മറ്റിടങ്ങളിലും ഇത്തരം ശ്രമങ്ങളുണ്ടായാല്‍ നമുക്ക് പച്ചക്കറി ഉൽപാദനം വര്‍ദ്ധിപ്പിക്കാനാവും.