വഡോദര: വിമാനത്തിലിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് നിരാശപ്പെടുന്നവർക്ക് ആഗ്രഹം നിറവേറ്റാൻ അവസരമൊരുക്കി ഗുജറാത്തിലെ വഡോദരയിലെ ഹൈഫ്ളൈ ഭക്ഷണശാല. വിമാനത്തിന്റെ മാതൃകയിൽ നിർമിച്ച ഈ ഭക്ഷണശാലയിൽ ഒരേസമയം 106 പേർക്ക് ഭക്ഷണം ആസ്വദിക്കാനാകും.
വിമാനത്തിനുള്ളിൽ ലഭിക്കുന്നത് പോലെയുള്ള സൗകര്യങ്ങളാണ് ഭക്ഷണശാലയിലും ഒരുക്കിയിരിക്കുന്നത്. വെയിറ്ററുടെ സേവനം ലഭ്യമാക്കാൻ വിമാനത്തിലെന്നതുപോലെ സെൻസറുകൾ ഉപയോഗിക്കാം. കൂടാതെ എയർഹോസ്റ്റസ് പോലുള്ള ക്യാബിൻ ക്രൂവിനെ അനുസ്മരിപ്പിക്കുന്ന ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. പഞ്ചാബി, ചൈനീസ്, തായ്, കോൺടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ തുടങ്ങി നിരവധി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ഫ്ളൈറ്റ് ടിക്കറ്റ് പോലുള്ള ബോർഡിങ്ങ് പാസും ഇവിടെ എത്തുന്നവർക്ക് നൽകുന്നു.
ഭക്ഷണശാല നിർമിക്കുന്നതിനായി ബംഗളൂരുവിലെ ഒരു കമ്പനിയിൽ നിന്നും ഒരു എയർബസ് 320 വാങ്ങുകയായിരുന്നുവെന്നും വിമാനത്തിന്റെ ഓരോ ഭാഗങ്ങളും വഡോദരയിൽ എത്തിച്ച് ഭക്ഷണശാലയായി പുനർനിർമിക്കുകയായിരുന്നുവെന്നും ഭക്ഷണശാലയുടെ ഉടമയും മാനേജിങ്ങ് ഡയറക്ടറുമായ മുഖി പങ്കുവച്ചു. ഒരു യഥാർത്ഥ വിമാനത്തിൽ യാത്ര ചെയ്യുന്ന അനുഭവം ഭക്ഷണശാലയിൽ എത്തുന്നവർക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.