mammootty-priyadarsan

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടീനടന്മാർ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശന്റെത് തന്നെയാണ്. നിമിഷ നേരം കൊണ്ട് എവിടെയിരുന്നും തിരക്കഥ എഴുതാൻ കഴിയുന്ന ആളാണ് പ്രിയനെന്ന് പറയുകയാണ് സുഹൃത്തും നടനുമായ മണിയൻ പിള്ള രാജു. താൻ ഏറ്റവും കൂടുതൽ സിനിമ ചെയ‌്ത സംവിധായകരിൽ ഒരാളാണ് പ്രിയനെന്നും മണിയൻ പിള്ള കൂട്ടിച്ചേർത്തു.

'പ്രിയദർശന്റെ സെറ്റ് എന്നു പറഞ്ഞാൽ നമ്മൾ ഒരു പിക്‌നികിന് പോകുംപോലെയാണ്. എപ്പോഴും തമാശയും ചിരിയുമാണവിടെ. പ്രിയദർശന് ദേഷ്യം എന്നൊരു സംഭവം ഇന്നുവരെ സിനിമ സെറ്റിൽ ഞാൻ കണ്ടിട്ടില്ല. മല മറിഞ്ഞുവന്നാലും കൂളായിട്ടുള്ള നിൽപ്പാണ് അദ്ദേഹത്തിനുള്ളത്. രാക്കുയിലിൻ രാഗസദസിൽ എന്ന സിനിമ സെറ്റിൽ വച്ച് ഒരു അനുഭവമുണ്ടായി. ആ സിനിമയിൽ ഞാനില്ലെങ്കിലും, മമ്മൂട്ടിയെ കാണാനായി അന്ന് ഞാൻ അവിടെ എത്തിയിരുന്നു. ഇടയ‌്ക്ക് പ്രിയൻ ടോയിലറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് ഒരു പോക്കുപോയി. പത്തിരുപത് മിനുട്ട് കഴിഞ്ഞിട്ടും പ്രിയനെ കാണാനില്ല. അവന് വയറിന് സുഖമില്ലേന്ന് മമ്മൂട്ടി ചോദിക്കുകയും ചെയ‌്തു. കുറച്ചുകഴിഞ്ഞപ്പോൾ പ്രിയൻ വന്നു. നിനക്കെന്തെടാ...വയറിന് സുഖമില്ലേന്ന് മമ്മൂട്ടി ചോദിച്ചു. അതല്ല മമ്മൂക്കാ, വേറെങ്ങും സ്വസ്ഥതയില്ല. അതുകൊണ്ട് ടോയിലറ്റ് പേപ്പറിൽ ബാക്കി സ്ക്രിപ്‌ട് എഴുതുകയായിരുന്നു ഞാൻ. ഇതായിരുന്നു പ്രിയന്റെ മറുപടി. അതാണ് പ്രിയദർശൻ. എവിടെയിരുന്നും സിനിമ എഴുതാൻ അദ്ദേഹത്തിന് കഴിയും'-മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ.