ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ 139.5 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന് സുപ്രീം കോടതി. നവംബർ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിർത്താനുള്ള അനുമതിയുള്ളത്. മേൽനോട്ട സമിതിയുടെ നിർദേശം സുപ്രീം കോടതി അംഗീകരിച്ചു. സാഹചര്യമനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുനപരിശോധിക്കാമെന്നും നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാനും കേരളത്തിനോട് കോടതി നിർദേശിച്ചു. നവംബർ 11ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ഇന്ന് രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെക്കൻഡിൽ 3800 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഈ മാസത്തെ റൂൾ കർവ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പായ 138 അടിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി കോടതിയിൽ ശുപാർശ നൽകിയിരുന്നു. തമിഴ്നാടിന് ഇത് സ്വീകാര്യമായിരുന്നെങ്കിലും കേരളം വിയോജിക്കുകയും പരമാവധി ജലനിരപ്പ് സ്ഥിരമായി 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ, അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.