ബംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസിൽ ബിനീഷ് അറസ്റ്റിലായി നാളെ ഒരുവർഷം തികയുകയാണ്. കര്‍ണാടക ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇക്കാര്യം ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു തുടക്കം മുതലേ ബിനീഷിന്റെ നിലപാട്.
2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ബിനീഷിനെ പാർപ്പിച്ചിരിക്കുന്നത്.ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷിനെ അറസ്റ്റുചെയ്തത്. ഇ ഡി അന്വേഷിക്കുന്ന കേസിൽ നാലാംപ്രതിയാണ് ബിനീഷ്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി അനിഖ എന്നിവരെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.
അനൂപിനെ വിശദമായി ചോദ്യംചെയ്ത നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ലഭിച്ച സൂചനകളാണ് അന്വേഷണം ബിനീഷിലേക്കെത്തിച്ചത്. തെളിവുകൾ ലഭിച്ചതോടെ ബിനീഷിന്റെ പേരിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.അനൂപിനെ അറിയാമെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയെന്ന് ബിനീഷ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി നാടകീയമായാണ് അറസ്റ്റ് ചെയ്ത്.
അറസ്റ്റിനെ തുടർന്ന് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡ് ഏറെ വിവാദമായിരുന്നു. അനൂപിന്റെ ഡെബിറ്റ് കാർഡ് ഇവിടെ നിന്ന് കണ്ടെടുത്തെന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞത്. കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യാേഗസ്ഥർ കാർഡ് വീട്ടിൽ കൊണ്ടുവയ്ക്കുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ജാമ്യത്തിനായി നിരവധി തവണ ബിനീഷ് സമീപിച്ചെങ്കിലും കോടതി അപ്പോഴൊക്കെ ജാമ്യം നിഷേധിക്കുകയായിരുന്നു.