indonesia-

ഇന്തോനേഷ്യൻ ഐതിഹ്യങ്ങളിൽ അവകാശപ്പെടുന്ന ഒന്നാണ് അവിടെ മറഞ്ഞിരിക്കുന്ന വലിയ നിധി ശേഖരമുണ്ടെന്ന്. അതുകൊണ്ട് തന്നെ അവിടത്തെ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാലെംബാംഗിനടുത്തുള്ള മുതലകൾ നിറഞ്ഞ മുസി നദിയിൽ തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് വിലപിടിപ്പുള്ള രത്നങ്ങൾ, സ്വർണമോതിരങ്ങൾ, നാണയങ്ങൾ, സന്യാസിമാരുടെ വെങ്കല മണികൾ എന്നിവയുൾപ്പെടെ അപൂർവ നിധികൾ നിറഞ്ഞ ഒരു ദ്വീപ് കണ്ടെത്തിയത്. നിധി ശേഖരമായതിനാൽ അവിശ്വസനീയമായ കണ്ടെത്തലുകളിൽ ഒന്നാണിത്. എട്ടാം നൂറ്റാണ്ടിലെ ലക്ഷക്കണക്കിന് പൗണ്ടുകൾ വിലമതിക്കുന്ന രത്നത്താൽ അലങ്കരിച്ച ബുദ്ധന്റെ വലിയ പ്രതിമയാണ് പ്രധാനം.

ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച് ഈ പുരാവസ്തുക്കൾ ശ്രീവിജയ സാമ്രാജ്യ കാലത്തുള്ളതാണെന്നാണ് കരുതുന്നത്. ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിയുള്ള ശക്തമായ ഒരു രാജ്യമായിരുന്നു ശ്രീവിജയ രാജ്യം. ഈ നൂറ്റാണ്ടുകൾക്കിടയിൽ തന്നെ ഈ രാജ്യം അപ്രത്യക്ഷമായി. ഇന്നത്തെ പോലെ തടി വള്ളങ്ങൾ ഉണ്ടാക്കി ഇതിനുമുകളിൽ വീടുകളും നിർമിച്ചിരുന്നുവെന്ന് ബ്രിട്ടീഷ് സമുദ്ര പുരാവസ്തു ഗവേഷകനായ ഡോ സീൻ കിംഗ്സ്ലി പറഞ്ഞു. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് 20,000-ത്തിലധികം സൈനികരും ഇതിനു പുറമേ ധാരാളം ബുദ്ധ സന്യാസിമാരും താമസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അസാധാരണമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്. നാണയങ്ങൾ, സ്വർണ്ണം, എല്ലാ പ്രായത്തിലുമുള്ള ബുദ്ധ ശിൽപങ്ങളെന്നിവ കണ്ടെത്തി. അപ്പോഴാണ് ശ്രീവിജയരാജ്യം സാങ്കൽപ്പികമായിരുന്നില്ല എന്നതിന്റെ തെളിവാണിതെന്ന് മനസിലായത്.

അക്കാലത്തെ ആളുകൾ എത്രമാത്രം പുരോഗതി കൈവരിച്ചുവെന്ന് കാണിക്കുന്നതാണ് അവിടന്ന് കണ്ടെത്തിയിട്ടുള്ള പഴയ പാത്രങ്ങളെന്ന് ഡോ.കിംഗ്സ്ലി പറഞ്ഞു. അന്ന് ഏറ്റവും മികച്ച ടേബിൾവെയറുകൾ ലഭിക്കുന്നത് ഇന്ത്യ, പേർഷ്യ, ചൈന എന്നിവിടങ്ങളിലെ വലിയ ചൂളകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായിരുന്നു. ശ്രീവിജയ കാലഘട്ടത്തിൽ വെങ്കലത്തിലും സ്വർണ്ണത്തിലും നിർമ്മിച്ച ബുദ്ധവിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രാഹുവിന്റെ തലയുള്ള പ്രതിമയും കണ്ടെത്തിയിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഇത് സമുദ്ര കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഹൈന്ദവ വിശ്വാസങ്ങളുമായി നേരിട്ട് ബന്ധമുള്ള മറ്റു പല പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് ശ്രീവിജയരാജ്യം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതെന്ന് ഡോ.കിംഗ്സ്ലി പറഞ്ഞു.

ശ്രീവിജയ സാമ്രാജ്യം എങ്ങനെ തകർന്നു എന്നതിന് ഇപ്പോഴും കൃത്യമായ തെളിവുകളില്ല. ഇത് ഇന്തോനേഷ്യയിലെ അഗ്നിപർവ്വതങ്ങളുടെ തകർച്ചയിലോ അല്ലെങ്കിൽ നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിലോ ഈ സാമ്രാജ്യം തകർന്നിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഡോ കിംഗ്സ്ലി പറയുന്നു.