ന്യൂഡൽഹി: 2001 ഒക്ടോബർ 28നാണ് ഇന്ത്യയിലെ യുവാക്കളുടെ വാഹനസങ്കല്പങ്ങളെ അടിമുടി മാറ്റിമറിച്ച പൾസർ ബൈക്ക് ബജാജ് വിപണിയിൽ എത്തിക്കുന്നത്. പരമാവധി 125 സി സി ഡിസ്പ്ലേസ്മെന്റ് ഉള്ള കമ്മ്യൂട്ടിംഗ് ബൈക്കുകളായിരുന്നു അതു വരെ ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി 'ഡെഫിനിറ്റ്ലി മെയ്ൽ' എന്ന് ടാഗ്ലൈനോടു കൂടി യാത്ര ചെയ്യാനും റേസിംഗിനും അനുയോജ്യമായ പൾസർ എത്തിയതോടെ മറ്റ് ഇരുചക്രവാഹനങ്ങൾക്ക് നിരത്തിൽ നിന്ന് ഒഴിയേണ്ടി വന്നു.
മറ്റൊരു ഒക്ടോബർ 28ന്, ഇന്നേവരെ ഇറക്കിയിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ഡിസ്പ്ലേസ്മെന്റ് ഉള്ള മോഡൽ ലോഞ്ച് ചെയ്താണ് പൾസറിന്റെ 20ാം വാർഷികം ബജാജ് ആഘോഷിക്കുന്നത്. എല്ലാ കൊല്ലവും കാലോചിതമായ മാറ്റങ്ങൾ പൾസറിൽ വരുത്താൻ ബജാജ് ശ്രദ്ധിച്ചിരുന്നു. ഏറ്റവും പുതിയ മോഡലുകളായ പൾസർ 250യിലും ഫ്ലാഗ്ഷിപ്പ് മോഡലായ പൾസർ 250 എഫിലും ഇത് നമുക്ക് കാണാൻ സാധിക്കും. ലോഞ്ച് ചെയ്തെങ്കിലും നവംബർ 10 മുതലായിരിക്കും വാഹനം വിൽപനയ്ക്ക് എത്തുക.
എഞ്ചിനടക്കമുള്ള കാര്യങ്ങളിൽ പഴയ പൾസറിൽ നിന്നും വമ്പൻ മാറ്റങ്ങളുമായാണ് പുതിയ മോഡലുകളെ ബജാജ് അവതരിപ്പിക്കുന്നത്. 250 സി സി എയർ കൂൾഡ് എഞ്ചിനാണ് പൾസറിന് കരുത്ത് പകരുന്നത്. 26 പി എസ് പവറും 22 എൻ എം ടോർക്കും എഞ്ചിന് ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് സ്പീഡ് ഗിയർ ട്രാൻസ്മിഷനാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബജാജിന്റെ തന്നെ ഡോമിനാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡബിൾ ബാരൽ എക്സ്ഹോസ്റ്റാണ് പൾസറിന്റെ മറ്റൊരു ആകർഷണം.
The New Reloaded Pulsar 250 is finally here | Launch Event Live Stream https://t.co/9SiM5PNDy2
— Bajaj Auto (@bajaj_ltd) October 28, 2021
മൊത്തം ഡിസൈൻ കണ്ടാൽ പൾസർ 220 എഫിനോട് ചെറിയ സാദൃശ്യം തോന്നുമെങ്കിലും എൻ എസ് 200നെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ആകർഷകമായ സ്റ്റൈലിംഗും ഡിസൈനുമാണ് പൾസർ 250ക്ക് സ്വന്തമായുള്ളത്.
പൾസർ 250ന്റെ രണ്ട് മോഡലുകളിലും 17 ഇഞ്ച് അലോയ് വീലുകളാണുള്ളത്. 165 എം എം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ഈ വാഹനത്തിൽ 100/80 ഫ്രണ്ട് ടയറുകളും 130/70 റിയർ ടയറുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. 14 ലിറ്രറാണ് ഫ്യുയൽ ടാങ്ക് കപ്പാസിറ്റി. എഞ്ചിൻ കരുത്തിലും പെർഫോമൻസിന്റെ കാര്യത്തിലും പൾസറിന്റെ ഇരു മോഡലുകളും തമ്മിൽ വ്യത്യാസമൊന്നും വരുന്നില്ല.
പുറമേ നിന്ന് കാണുന്ന ലുക്കിന്റെ കാര്യത്തിലാണ് രണ്ട് മോഡലുകളിലും കാര്യമായ വ്യത്യാസം വരുത്തിയിട്ടുള്ളത്. പൾസറിന്റെ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന നിലയ്ക്ക് പൾസർ 250എഫ് തന്നെയാണ് ഡിസൈനിന്റെ കാര്യത്തിൽ മികച്ചു നിൽക്കുന്നത്. എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ഡി ആർ എൽ ഇൻഡിക്കേറ്ററുകൾ, സ്പ്ലിറ്റ് സീറ്റ്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക് എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റു ചില പ്രത്യേകതകൾ.