manju-warrier

സിനിമാ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെക്കാൻ മടി കാണിക്കാത്ത നടിയാണ് മഞ്ജു വാര്യർ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ മഞ്ജുവിന്റെ പുത്തൻ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ആരാധകർ. നടൻ ശ്രീനിവാസനും മകൻ ധ്യാനിനുമൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ. നടനും സംവിധായകനും മാത്രമല്ല ഒന്നാന്തരം ഒരു ഷെഫ് കൂടിയാണ് ധ്യാനെന്നാണ് മഞ്ജു സാക്ഷ്യപ്പെടുത്തുന്നത്.

'നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം. പ്രിയപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കാൻ കഴിയുന്നതും ആനന്ദകരമാണ്. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! ശ്രീനിയേട്ടനും ഷെഫ് ധ്യാനിനും നന്ദി,' എന്നാണ് മഞ്ജുവിന്റെ കുറിപ്പ്.

മഞ്ജുവിന് ഉച്ചഭക്ഷണം തയ്യാറാക്കിയത് ധ്യാൻ ശ്രീനിവാസനാണ് . ധ്യാനിനോട് കൈകൂപ്പി നന്ദി പറയുന്ന ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിന് സമീപം ശ്രീനിവാസനെയും കാണാൻ കഴിയും. ധനിൽ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിൽ മഞ്ജു വാര്യരും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാനാണ്. സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.