ദുബായ്:മസാജ് ചെയ്തുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തി പണവും ഫോണും കവർന്ന കേസിൽ മൂന്ന് സ്ത്രീകൾക്ക് മൂന്നുവർഷത്തെ തടവ്. ഇതിനൊപ്പം വൻ തുക പിഴയും അടയ്ക്കണം. ദുബായ് ക്രിനിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരിയല്ലെന്ന് കണ്ടതോടെ ഒരു യുവതിയെ വെറുതേവിട്ടു. 2020 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഐ ടി ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്. മസാജ് ആവശ്യപ്പെട്ട് ഒരു മസാജിംഗ് സെന്ററുമായി ബന്ധപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് സെന്ററിലേക്ക് വരാൻ യുവതികൾ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ നാലുസ്ത്രീകളാണ് സ്വീകരിച്ചത്. കയ്യിൽ എത്രപണമുണ്ടെന്നാണ് ഇവർ ആദ്യം ചോദിച്ചത്. സംസാരിച്ചുനിൽക്കുന്നതിനിടെ നാൽവർ സംഘത്തിലൊരാൾ യുവാവിന്റെ പേഴ്‌സ് കൈക്കലാക്കി. ഇത് എതിർത്തതോടെ യുവതികളുടെ ഭാവം മാറി. ഫോണും പിടിച്ചുവാങ്ങി. തുടർന്ന് ഫോൺ അൺലോക്ക് ചെയ്യാനായി പാസ്‌വേഡ് ആവശ്യപ്പെട്ടു.ഇത് നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചു. കഴുത്തിൽ കത്തിവച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. മർദ്ദനം സഹിക്കവയ്യാതെ പാസ്‌വേഡ് പറഞ്ഞുകൊടുത്തു. ഇതാേടെ അക്കൗണ്ടിലുണ്ടായിരുന്നു പണവും യുവതികൾ കൈക്കലാക്കി.
ഫോണും പേഴ്സും ഉൾപ്പടെയുള്ളവ കൈക്കലാക്കിയശേഷം പിറ്റേദിവസമാണ് യുവാവിനെ മോചിപ്പിച്ചത്. പുറത്തെത്തിയ യുവാവ് പൊലീസിനെയും ബാങ്ക് അധികൃതരെയും വിളിച്ചറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ആഫ്രിക്കൻ വംശജരാണ് യുവിതികൾ.