കത്രീനയുടെ വാക്കുകൾ വിശ്വസിക്കാമോ!
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാൻ പോവുകയാണോയെന്നാണ്. രാജസ്ഥാനിൽ വച്ച് രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവൻ തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ സബ്യസാചി മുഖർജിയാണ് കത്രീനയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നതെന്നും ഡിസംബറിലാണ് വിവാഹ തിയ്യതി കുറിച്ചിരിക്കുന്നതെന്ന തരത്തിൽ പോലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലം കേട്ട് മൗനം പാലിച്ചിരുന്ന കത്രീനയും വിക്കിയും ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കത്രീന ഈ ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ചത്.
താനും വിക്കിയും വിവാഹിതരാവാൻ പോകുന്നു എന്ന വാർത്തയിൽ യാതൊരുവിധ സത്യവുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാൽ എങ്ങനെയാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തിൽ ഒരു വാർത്ത പ്രചരിയ്ക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വർഷമായി ഞാൻ സ്വയം ചോദിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് കത്രീന പറയുന്നു. എന്ത് തന്നെയായാലും ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാനില്ലെന്ന് അഭിമുഖത്തിൽ കത്രീന പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാൻ നടിയുടെ ആരാധകർ തയ്യാറായിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നടി വിവാഹം സർപ്രൈസ് ആക്കി വച്ചിരിക്കുകയായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.വിക്കിയും കത്രീനയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ചത് മുതലാണ് ഇരുവരും ഏറെ കാലമായി പ്രണയത്തിലാണെന്നും ഡേറ്റിംഗിലാണെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഉറി ദി സർജിക്കൽ സ്ട്രൈക്കിൽ ഗംഭീര പ്രകടനം കാഴ്ചവച്ച വിക്കിയുടേതായി ഏറ്റവുമൊടുവിൽ റീലിസായ സർദാർ ഉദമിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന രംഗത്ത് വന്നിരുന്നു. സാം ബഹാദുർ, ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, മിസ്റ്റർ ലേലേ എന്നീ ചിത്രങ്ങളാണ് വിക്കി കൗശലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. സൂര്യവൻശി, ടൈഗർ 3, ഫോൺഭൂത് എന്നിവയാണ് കത്രീന കൈഫിന്റെ റീലിസ് ക്രെഡിറ്റിലുള്ള ചിത്രങ്ങൾ.