ലണ്ടൻ: ചാരവൃത്തിക്കേസിൽ പ്രതിയായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുതരണമെന്ന് അമേരിക്ക ബ്രിട്ടീഷ് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ചു. അസാൻജിനെ വിട്ടുതരാൻ കഴിയില്ലെന്ന കീഴ്കോടതി ജഡ്ജിയുടെ തീരുമാനം മറികടന്നാണിത്. അസാൻജിന് സ്വദേശമായ ആസ്ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂർത്തിയാക്കാമെന്ന വാഗ്ദാനവും അമേരിക്ക മുന്നോട്ടുവച്ചു.
അസാൻജിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കീഴ്‌ക്കോടതി ജഡ്ജി വനേസ ബാരിസ്റ്റർ യു.എസിന്റെ ആവശ്യം തള്ളിയത്. അമേരിക്കൻ ജയിലിൽ അസാൻജ് ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അവർ നിരീക്ഷിച്ചിരുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്ഥ അസാൻജിന് കുറ്റമറ്റ വിചാരണ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.തുടർന്നാണ് അമേരിക്കൻ അറ്റോർണി ജെയിംസ് ലെവിസ് ഹർജിയുമായി ബ്രിട്ടീഷ് ഹൈക്കോടതിയിലെത്തിയത്.
വിചാരണയില്ലാതെ അസാൻജിനെ കനത്ത സുരക്ഷയുള്ള ജയിലിൽ പാർപ്പിക്കില്ലെന്നും വേണമെങ്കിൽ ആസ്ട്രേലിയൻ ജയിലുകളിൽ ശിക്ഷ പൂർത്തിയാക്കാൻ അവസരം നൽകുമെന്നും ലെവിസ് കോടതിയെ ബോധിപ്പിച്ചു.
കനത്ത സുരക്ഷയിൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയാണ് അസാൻജ്. അമേരിക്കയുടെ ആവശ്യം നിരസിക്കണമെന്ന് അസാൻജിന്റെ പങ്കാളി സ്റ്റെല്ല മോറിസും അഭിഭാഷകനും അഭ്യർത്ഥിച്ചു.