തിരുവനന്തപുരം: നികുതിവെട്ടിപ്പ് അടക്കമുള്ള വിവാദങ്ങളിൽപ്പെട്ടതിനെ തുടർന്ന് നികുതി പിരിവിനും പണം അടയ്‌ക്കലിനുമായി നഗരസഭ പുതിയ സോഫ്‌റ്റ്‌വെയർ സംവിധാനം കൊണ്ടുവരുന്നു. ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പി.ഒ.എസ് മെഷീനാണ് നഗരസഭ കൊണ്ടുവരുന്നത്. ഇതിന്റെ പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞു. നഗരസഭയിലെ കെട്ടിട നികുതി വിവരങ്ങൾ എല്ലാം തന്നെ ഇ പോസ് മെഷീനിൽ രേഖപ്പെടുത്തുന്നതിനായി ഏകീകൃത രൂപത്തിൽ ആക്കാൻ ഇൻഫർമേഷൻ കേരള മിഷനെ (ഐ.കെ.എം) കോപ്പേറേഷൻ ചുമതലപ്പെടുത്തി.
ആൻഡ്രോയ്ഡ് സംവിധാനം
നികുതി തട്ടിപ്പ് വിവാദം ഉയർന്നപ്പോൾ സോഫ്‌റ്റ്‌വെയർ പിഴവാണ് മൂലമാണെന്നായിരുന്നു നഗരസഭ ആദ്യം പറഞ്ഞത്. എന്നാൽ, തെളിവുകൾ പുറത്തുവന്നതോടെ നഗരസഭയ്‌ക്ക് ഇത് വിഴുങ്ങേണ്ടി വന്നു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നഗരകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി. ആദ്യം പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലാകും നടപ്പാക്കുക. പിന്നീട് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. പണം ഇടപാടുകൾ കൂടുതൽ സുതാര്യമായി നടത്തുന്നതിന് ഇത് സഹായിക്കുമെന്ന് ബിജു പ്രഭാകർ പറഞ്ഞു.
താൽപര്യപത്രം ഉടൻ
ആൻഡ്രോയിഡ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആറ് ബാങ്കുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. സംവിധാനത്തിന് ആവശ്യമായ മൊബൈൽ ആപ്ളിക്കേഷനും ബാങ്കുകൾ ഒരുക്കണം. ഇത് കൂടാതെ 1000 രൂപയ്‌ക്ക് മുകളിലുള്ള എല്ലാ പണം ഇടപാടുകളും ഡിജിറ്റലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അക്ഷയ സെന്ററുകളെ ഉപയോഗപ്പെടുത്തും. ഐ.ടി മിഷൻ, തദ്ദേശസ്വയം ഭരണ വകുപ്പ്, ഐ.കെ.എം, ബാങ്ക് പ്രതിനിധികൾ എന്നിവരടങ്ങിയ സംഘം സംവിധാനം നിരീക്ഷിക്കുകയും ചെയ്യും.
പുതിയ ആൻഡ്രോയിഡ് സംവിധാനം പണം അടയ്‌ക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ സോഫ്‌റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന തരത്തിലായിരിക്കും. നികുതി പണമായി അടയ്‌ക്കാനാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നതെങ്കിൽ ബിൽ കളക്ടർക്ക് അത് അപ്പോൾ തന്നെ സിസ്റ്റത്തിലെ സെർവറിൽ അപ്ഡേറ്റ് ചെയ്യാനാകും. അപ്പോൾ തന്നെ രസീതും ലഭിക്കും. യു.പി.ഐ ആപ്പുകൾ വഴി ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം അടയ്‌ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. 2014ൽ റേഡിയോ ഫ്രീക്വൻസി ടാഗ് വഴി ബിൽ അടയ്‌ക്കുന്ന സംവിധാനം കൊണ്ടുവരുന്നതിനായി കോർപ്പറേഷൻ കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു.