paternity-leave

വാഷിംഗ്ടൺ:കുഞ്ഞുങ്ങളെ പരിപാലിക്കാനായി പിതൃത്വ അവധി എടുക്കുന്നവരെ വിമർശിച്ച പാലാന്റിർ ടെക്നോളജീസ് ഇങ്കിന്റെ സ്ഥാപകനായ ജോ ലോൻസ്ഡെയ്‌ലിനെതിരെ ടെന്നീസ് താരം സെറീന വില്യംസിന്റെ ഭർത്താവും സംരംഭകനുമായ അലക്സിസ് ഒഹാനിയൻ രംഗത്ത്. കുഞ്ഞിനെ നോക്കാനായി റെഡ്ഡിറ്റിന്റെ കോഫൗണ്ടർ സ്ഥാനം അദ്ദേഹം രാജി വച്ചിരുന്നു.

നിങ്ങളുടെ കുടുംബത്തിനും കുഞ്ഞിനും വേണ്ടതെന്തോ അത് ചെയ്യുക എന്നതാണ് യഥാർത്ഥ പുരുഷത്വത്തിന്റെ ചുമതല എന്ന് അലെക്സിസ് ട്വീറ്റ് ചെയ്തു. അലെക്സിസിന് പിന്തുണയുമായി ഇനിഷ്യലൈസ്ഡ് കാപിറ്റലിന്റെ സഹസ്ഥാപകൻ ​ഗാരി ടാനും ട്വീറ്റ് ചെയ്തു. താൻ നാലുമാസ പിതൃത്വ അവധി ലഭ്യമാക്കിയിരുന്നുവെന്നും ജോലിയ്ക്കും പണത്തിലും വലുത് ജീവിതാണെന്നും അദ്ദേഹം പറഞ്ഞു.

മകൾ അലെക്സിസ് ഒലിമ്പ്യ ഒഹാനിയൻ ജൂനിയറിന്റെ ജനനം മുതൽ അമേരിക്കയിൽ ശമ്പളത്തോടു കൂടിയ ഫാമിലി ലീവിനു വേണ്ടി വാദിക്കുന്നയാളാണ് അലെക്സിസ്. നാലുവർഷത്തോളമായി അതിനുവേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണെന്നും അതിനരികിലേക്ക് എത്താറായെന്നും അകെല്സിസ് വ്യക്തമാക്കിയിരുന്നു.

@ സംഭവം ഇങ്ങനെ

ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തോടെ പിതൃത്വ അവധിയെടുത്ത അമേരിക്കൻ ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബട്ടി​ഗീ​ഗിനെ വിമർശിച്ചായിരുന്നു ജോ ലോൻസ്ഡെയ്‌ലിന്റെ ട്വീറ്റ്. പീറ്റിനെ വിമർശിച്ച് പോഡ്കാസ്റ്റ് അവതാരകനും കമന്റേറ്ററുമായ ജോ റോ​ഗൻ പങ്കുവച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അച്ഛന്മാർ കുട്ടികൾക്കൊപ്പം ചെലവഴിക്കുകയും ഭാര്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് മഹത്തരമാണെന്നും എന്നാൽ പ്രധാന പദവികളിലിരിക്കവേ കുഞ്ഞിനുവേണ്ടി ആറുമാസത്തോളം ലീവെടുക്കുന്നയാൾ പരാജിതനാണ് എന്നുമായിരുന്നു ലോൻസ്ഡെയ്‌ലിന്റെ ട്വീറ്റ്. മുൻകാലങ്ങളിൽ കുട്ടികളുടെ ഭാവിയ്ക്കായി അച്ഛന്മാർ കഠിനമായി പ്രയത്നിച്ചിരുന്നുവെന്നും

അതാണ് യഥാർത്ഥ പുരുഷത്വത്തിന്റെ കടമയെന്നും അദ്ദേഹം കുറിച്ചു. തന്റെ ട്വീറ്റ് ചർച്ചയായതോടെ വാദം തിരുത്തി ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ ട്വീറ്റിൽ പരാജിതൻ എന്ന പദം ഉപയോ​ഗിക്കരുതായിരുന്നു എന്നും വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.