വാഷിംഗ്ടൺ: തന്റെ കമ്പനിയ്ക്ക് ലഭിച്ച വമ്പൻ നിക്ഷേപ ഓഫർ ഞെട്ടിക്കുന്ന രീതിയിൽ ആഘോഷിച്ച് പ്രമുഖ ഷെയ്പ്പ് വെയർ കമ്പനിയായ സ്പാങ്ങ്സ്. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ളാക്ക് സ്റ്റോൺ നിന്ന് കമ്പനിയ്ക്ക് 1.2 ബില്ല്യൺ ഡോളറിന്റെ നിക്ഷേപ ഓഫർ ലഭിച്ചതിനെ തുടർന്ന് കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സാറ ബ്ലേക്ക്ലിയാണ് വൻ ആനുകൂല്യം പ്രഖ്യാപിച്ച് ജീവനക്കാരെ ഞെട്ടിച്ചത്.
ലോകത്ത് എവിടെ വേണമെങ്കിലും യാത്ര ചെയ്യാൻ രണ്ട് ഫസ്റ്റ് ക്ളാസ് വിമാന ടിക്കറ്റും, പതിനായിരം ഡോളറുമാണ് സാറ ബ്ലേക്ക്ലി തന്റെ ജീവനക്കാർക്ക് നൽകുമെന്ന് അറിയിച്ചത്.
ഇരുപത് വർഷം മുൻപ് ഫാക്സ് മെഷീനുകൾ വീടുകൾതോറും വിറ്റാണ് സാറ തൊഴിൽ ആരംഭിച്ചത്. പിന്നീട് സ്പാങ്ങ്സ് എന്ന ഷെയ്പ്പ് വെയർ കമ്പനി സ്ഥാപിച്ചതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി. സ്വന്തം പ്രയത്നത്തിലൂടെ ശതകോടീശ്വരൻമാരായവരുടെ പട്ടികയിൽ 2012ലാണ് സാറ ഇടം നേടിയത്.