രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയോടെ ദേശീയ താരമെന്ന ഇമേജ് കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തെലുങ്കിലെ യുവ സൂപ്പർ താരമായ അല്ലു അർജുൻ. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം പുഷ്പ റിലീസ് ചെയ്യും. തെലുങ്കിന് പുറമേ മലയാളത്തിലല്ലാതെ മറ്റു ഭാഷകളിലൊന്നും കാര്യമായ മാർക്കറ്റില്ലാത്ത അല്ലുവിന് പുഷ്പ പാൻ ഇന്ത്യൻ മാർക്കറ്റ് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് മുന്നോടിയായി മുംബയിൽ ഒരു പി.ആർ. ഏജൻസിയെ വാടകയ്ക്കെടുത്തിരിക്കുകയാണ് അല്ലു അർജുൻ. അല്ലുവിന്റെ ഇമേജ് ബോളിവുഡിൽ ഉയർത്താനും വളർത്താനും ഒന്നുരണ്ട് മാസങ്ങളായി ഇൗ പി.ആർ ഏജൻസികൊണ്ട് പിടിച്ച് ശ്രമിക്കുകയാണ്. മാദ്ധ്യമങ്ങളിൽ അല്ലു നിറഞ്ഞ് നിൽക്കാനുള്ള തന്ത്രങ്ങളൊരുക്കുകയായിരുന്നു ആദ്യപടി. ദേശീയ താരമെന്ന ഇമേജ് സ്വന്തമാക്കാൻ പി.ആർ. ഏജൻസിയുടെ നിർദ്ദേശ പ്രകാരം കരുതിക്കൂട്ടിയുള്ള ചുവടുവയ്പ്പാണ് താരം നടത്തുന്നത്. കഴിഞ്ഞദിവസം ഒരു തെലുങ്ക് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ റിലീസുകൾക്കെല്ലാം താരം വിജയമാശംസിച്ചിരുന്നു.
ഇക്കൂട്ടത്തിൽ ബോളിവുഡിലെ വമ്പൻ ചിത്രമായ സൂര്യവംശിയെക്കുറിച്ച് താരം എടുത്തുപറഞ്ഞിരുന്നു. ബോളിവുഡ് മാദ്ധ്യമങ്ങളിൽ പലതും അല്ലുവിന്റെ ആശംസ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നിൽ പി.ആർ. ഏജൻസിയുടെ ഇടപെടലുണ്ടെന്നാണ് സൂചന.
ഡിസംബർ 17നാണ് പുഷ്പയുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായെത്തുന്നത് ഫഹദ് ഫാസിലാണ്. രശ്മിക മന്ദാനയാണ് നായിക.