ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഒടുവിൽ ജാമ്യം ലഭിച്ചു.കൂട്ടുകാരായ അർബ്ബാസ് മർച്ചന്റിനും മൂൺ മൂൺ ധമാച്ചയ്ക്കും ആര്യനൊപ്പം മുംബയ് ഹൈക്കോടതി ജാമ്യം നൽകി.ആഡംബരക്കപ്പലിലെ മയക്കുമരുന്ന് വിവാദത്തെത്തുടർന്ന് മുംബയ് ആർതർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ആര്യൻഖാൻ.
ജാമ്യമനുവദിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരത്തിനകം പുറത്തിറക്കുമെന്ന് കോടതി വ്യക്തമാക്കിയതിനാൽ വ്യാഴാഴ്ച ജയിലിന് പുറത്തിറങ്ങാൻ കഴിയുമോയെന്ന് ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും വ്യക്തമായിട്ടില്ല.മയക്കുമരുന്ന് നേരിട്ട് കൈവശം വയ്ക്കുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ആര്യൻഖാൻ മയക്കുമരുന്ന് പതിവായി ഉപയോഗിച്ചുവരികയാണെന്ന് ജാമ്യാപേക്ഷയെ എതിർത്ത നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) അഭിഭാഷകൻ വാദിച്ചു.എന്നാൽ കോടതി ഈ ന്യായത്തോട് യോജിച്ചില്ല.കഴിഞ്ഞദിവസം ആര്യന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി എൻ.സി.ബിയുടേത് സ്വേച്ഛാപരമായ നീക്കമാണെന്ന് ആരോപിച്ചിരുന്നു.ആര്യന് ജാമ്യം കിട്ടിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന വാദം ശരിയല്ലെന്നും രോത്തഗി സ്ഥാപിച്ചിരുന്നു.ഇരുപത്തിനാലുകാരനായ ആര്യനേക്കാൾ അങ്ങനെയാണെങ്കിൽ സാക്ഷികളെ സ്വാധീനിക്കാൻ കഴിയുക പുറത്തുനിൽക്കുന്ന പിതാവ് ഷാരൂഖിനായിരിക്കില്ലെയെന്നായിരുന്നു രോത്തഗിയുടെ ചോദ്യം.
ആര്യൻഖാൻ പുറത്തിറങ്ങുന്നതോടെ ഷാരൂഖ്ഖാനും കുടുംബത്തിനും ആശ്വാസമാകും.ഇത്തവണത്തെ ദീപാവലി ഷാരൂഖിന്റെ വസതിയായ മന്നത്തിൽ വലിയ ആഘോഷമാകുമെന്നാണ് അറിയുന്നത്. ആര്യൻ ഖാന്റെ അന്വേഷണത്തെത്തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കടെയുടെ പേരിലുയർന്ന വിവാദം ഇനി ആളിക്കത്തുമെന്നാണ് മുംബയ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.