kashmiri-students

ലക്‌നൗ: ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച മൂന്ന് കാശ്‌മീരി വിദ്യാർത്ഥികൾ ഉത്തർപ്രദേശിലെ ആഗ്രയിൽ അറസ്റ്റിൽ. ഇവർക്കെതിരെ രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേർ മൂന്നാം വർഷ വിദ്യാർത്ഥികളും ഒരാൾ നാലാം വർഷ വിദ്യാർത്ഥിയുമാണ്.

രാജദ്രോഹക്കുറ്റത്തിന് പുറമെ സൈബർ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. പാക് അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് ഇവരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികൾ പാകിസ്ഥാൻ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പൊലീസ് വ്യക്തമാക്കി. ഇവരെക്കൂടാതെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾ പാകിസ്ഥാൻ വിജയം ആഘോഷിക്കുന്നതായി വാർത്ത പരന്നതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകരും കോളേജിൽ എത്തിയിരുന്നു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്.

നേരത്തെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് കാശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥിൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.