ജനീവ: 118 ദശലക്ഷം കൊവാക്സിൻ ഡോസുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. എന്നിട്ടും ലോകാരോഗ്യ സംഘടന കൊവാക്സിന് അടിയന്തരാനുമതി നൽകുന്നതിൽ കാട്ടുന്ന വിമുഖത ഇന്ത്യൻ ജനതയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡബ്ലിയു.എച്ച്.ഒയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ ലോകരാജ്യങ്ങൾ കൊവാക്സിൻ ഉപയോഗിക്കാൻ തയ്യാറാക്കും.ഇതുവരെ മൊഡേണ, ഫൈസർ, ആസ്ട്രസെനക്ക, കൊവിഷീൽഡ്, ജോൺസൻ ആൻഡ് ജോൺസൻ, ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവയ്ക്ക് അടിയന്തരാനുമതി ലഭിച്ചു. ഡബ്ലിയു.എച്ച്.ഒ ഇപ്പോഴും ഇന്ത്യയോട് കൂടുതൽ ഡാറ്റ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സാങ്കേതിക എന്താണെന്ന് ആരോഗ്യവിദഗ്ദ്ധർക്കും മനസ്സിലായിട്ടില്ല. ഇതുവരെ 59 ദശലക്ഷത്തോളം പേരാണ് കൊവാക്സിൻ സ്വീകരിച്ചത്. അനുമതി ലഭിച്ചില്ലെങ്കിൽ ഇവരിലാർക്കും വിദേശത്തേയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.ഇതിൽ വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും അടക്കം ഉണ്ട്. കൊവാക്സിന സ്വീകരിച്ചവർക്ക് വിദോശത്ത് കൊവിഡ് പരിശോധനയ്ക്കും ക്വാറന്റൈനും വിധേയമാകേണ്ടി വരും.
വാക്സിനെ കൃത്യമായി വിലയിരുത്തുമെന്നും അത് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമായിരിക്കണമെന്നും ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.ഇന്ത്യയെക്കൂടാതെ ഗെയാന,ഇറാൻ, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാവേ, എന്നീ രാജ്യങ്ങളിൽ കൊവാക്സിൻ ഉപയോഗക്കുന്നുണ്ട്. ഗൾഫ് രാജ്യമായ ഒമാനും യൂറോപ്യൻ രാജ്യങ്ങളായ അസ്റ്റോണിയയും ഗ്രീസും കൊവാക്സിൻ ഉപയോഗിച്ചവർക്ക് പ്രവേശനാനുമതിയും നൽകിയിട്ടുണ്ട്. എന്നിട്ടും കൊവാക്സിന് അംഗീകാരം നൽകാൻ ഡബ്ലിയു.എച്ച്.ഒ തയ്യാറാകുന്നില്ല.
അടിയന്തരാനുമതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ട്. ജൂലായിൽ ഡബ്ലിയു.എച്ച്.ഒ ആവശ്യപ്പെട്ട ഡാറ്റകളെല്ലാം നൽകിയെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ അന്തിമ തീരുമാനം അറിയിക്കാൻ ഡബ്ലിയു.എച്ച്.ഒ തയ്യാറായിട്ടില്ല. നവംബർ മൂന്നിനെങ്കിലും തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
@ ഇന്ത്യയോട് പക്ഷപാതമോ?
ഡാറ്റ സമർപ്പിച്ച് ആറ് അഴ്ചക്കൾക്കുള്ളിൽ ഫൈസറിന് അനുമതി ലഭിച്ചു. മൊഡേണയ്ക്കും ആസ്ട്രസെനക്കയ്ക്കും ഒൻപത് ആഴ്ചയ്ക്ക് ശേഷം ലഭിച്ചു. ചൈനീസ് വാക്സിനുകളായ സിനോഫാമിനും സിനോവാകിനും ഡബ്ലിയു.എച്ച്.ഒ അനുമതി നൽകിയിരുന്നു. എന്നാൽ, ചൈനീസ് വാക്സിനുകൾ പ്രായമായവരിൽ പൂർണ ഫലപ്രാപ്തി നൽകുന്നില്ലെന്ന് ഡബ്ലിയു.എച്ച്.ഒ തന്നെ വ്യക്തമാക്കിയിരുന്നു. പ്രായമായവർ ഈ വാക്സിനുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചിരുന്നു.കൊവാക്സിൻ സുരക്ഷിതവും പൂർണ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉള്ളതാവണമെന്നും ഡബ്ലിയു.എച്ച്.ഒ പറയുന്നു. എന്നാൽ, ഇതൊന്നും ചൈനീസ് വാക്സിനുകളുടെ കാര്യത്തിൽ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചോദിക്കുന്നു. വാക്സിൻ ഡാറ്റ ഡബ്ലിയു.എച്ച്.ഒയ്ക്ക് സമർപ്പിച്ചെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള കാലതാമസമാണ് അനുമതി വൈകിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.വിദേശത്ത് പോകാൻ കാത്തിരിക്കുന്ന നിരവധി ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയാണ് ഡബ്ലിയു.എച്ച്.ഒയുടെ കാലതാമസം തകർത്തെറിയുന്നത്. മറ്റ് വാക്സിനുകൾക്ക് അനുമതി നൽകിയ വേഗം കണക്കിലെടുത്താൽ കൊവാക്സിന് അനുമതി നൽകേണ്ട സമയം അതിക്രമിച്ചു.