60,000ൽ നിന്ന് വീണ് സെൻസെക്‌സ് നിഫ്‌റ്റി 18,000ന് താഴെയെത്തി
കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുയർന്ന കനത്ത വെല്ലുവിളികളോട് പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുത്തനെ ഇടിഞ്ഞു. സെൻസെക്‌സ് 1,158 പോയിന്റിടിഞ്ഞ് 59,984ലും നിഫ്‌റ്റി 353 പോയിന്റ് തകർന്ന് 17,857ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യൻ ഓഹരി സൂചികകളുടെ ഏറ്റവും വലിയ വീഴ്‌ചയാണിത്.
ഇടിവിന് പിന്നിൽ
നോമുറ, യു.ബി.എസ് എന്നിവയ്ക്ക് പിന്നാലെ ഇന്ത്യൻ ഓഹരികളുടെ റേറ്റിംഗ് താഴ്‌ത്തിയ മോർഗൻ സ്റ്റാൻലിയുടെ നടപടി.
റെക്കാഡ് മുന്നേറ്റം മൂലം അമിതവിലയായെന്ന് കാട്ടി 'ഈക്വൽ വെയ്റ്റിൽ" നിന്ന് 'ഓവർ വെയ്റ്റ്" ആയാണ് റേറ്റിംഗ് താഴ്‌ത്തിയത്.
ബാങ്കിംഗ് മേഖലയിലെ അധിക പണലഭ്യത ഏറ്റെടുക്കുന്ന നടപടി തുടരുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനം.
മാസാവസാനം ആയതിനാൽ സ്വാഭാവികമായുള്ള വില്പനസമ്മർദ്ദം
ഏഷ്യൻ വിപണികളുടെ തളർച്ച
അടുത്തവാരം നടക്കുന്ന ഫെഡറൽ റിസർവിന്റെ (അമേരിക്കൻ കേന്ദ്രബാങ്ക്) തീരുമാനങ്ങൾ എന്താകുമെന്ന ആശങ്ക.
തളർന്നവർ
അദാനി പോർട്‌സ്, ഐ.ടി.സി., ഒ.എൻ.ജി.സി., കോട്ടക് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സിപ്ള, കോൾ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ടൈറ്റൻ.
₹4.82 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 4.82 ലക്ഷം കോടി രൂപ. 265.31 ലക്ഷം കോടി രൂപയിൽ നിന്ന് 260.48 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞത്.
1708
കഴിഞ്ഞ ഏപ്രിൽ 12ന് 1,708 പോയിന്റിടിഞ്ഞ ശേഷം സെൻസെക്‌സിന്റെ ഏറ്റവും വലിയ വീഴ്‌ചയാണ് ഇന്നലത്തേത്.