തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നത് മലപ്പുറം ജില്ലയെ ആശങ്കപ്പെടുത്തുന്നു. കൊണ്ടോട്ടിയിൽ പഠന ആവശ്യത്തിനായി പോവുകയായിരുന്ന 21കാരിയാണ് ഏറ്റവും ഒടുവിൽ അതിക്രമത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി നാട്ടുകാരനായ 15 വയസുകാരൻ ആണെന്ന് അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കൂടുതൽ ഏറുന്നത്. പീഡനത്തിന് ഇരയായ 17കാരി പ്രസവിച്ച സംഭവവും ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. കോട്ടക്കലിലാണ് വീട്ടുകാർ പോലുമറിയാതെ പെൺകുട്ടി പ്രസവിച്ചത്. ഈ മാസം 20ന് നടന്ന സംഭവം പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണ്. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികളും ജില്ലയിൽ വർദ്ധിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് ഇരകളാവുന്നവരിൽ നല്ലൊരു പങ്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാവുകയാണ് തുടർച്ചയായി സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമ കേസുകൾ. ഒരാഴ്ചക്കിടെ നാല് പീഡന കേസുകളിലായി അഞ്ച് പേരാണ് അറസ്‌റ്റിലായത്. ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. ഈ വർഷം ജൂൺ വരെ സ്ത്രീകൾക്കെതിരെയുള്ള 623 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജനുവരി മുതൽ ആഗസ്റ്റ് വരെ 9,594 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 1,446 കേസുകൾ ലൈംഗിക പീഡന കേസുകളാണ്. 2017 മുതൽ ജില്ലയിൽ സ്ത്രീകൾ ഇരകളാവുന്ന കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. 2017ൽ 1,323 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 2020 ൽ 1,617 ആയി ഉയർന്നു. ഈ വർഷം ജൂൺ വരെ 623 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 154 മാനഭംഗ കേസുകളും റിപ്പോർട്ട് ചെയ്‌തു.