കൊല്ലം: അഭയകേന്ദ്രത്തിന് വേണ്ടി വീടുകളിൽ പിരിവിനെത്തി എട്ട് വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്‌റ്റിൽ. ചവറ തേവലക്കര പടപ്പനാൽ മുള്ളിക്കാലയിൽ വാടകയ്ക്ക് താമസിക്കുന്ന മൊട്ടയ്‌ക്കൽ സ്വദേശി അബ്ദുൾ വഹാബിനെയാണ് (52) ശാസ്താംകോട്ട പൊലീസ് അറസ്‌റ്റ് ചെയ്തത്. തേവലക്കരയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിനായി സംഭാവന പിരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളയാളാണ് അബ്ദുൾ വഹാബ്. അച്ചടിച്ച നോട്ടീസുമായി വീടുകൾ കയറിയിറങ്ങിയായിരുന്നു സംഭാവന ശേഖരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ മൈനാഗപ്പള്ളി ഇടവനശേരിയിലെ വീട്ടിൽ പിരിവിനെത്തിയപ്പോഴാണ് സംഭവം നടന്നത്. മഴയെ തുടർന്ന് വീട്ടിലേക്ക് കയറിയ അബ്ദുൾവഹാബ് അവിടെയിരുന്ന് കൈയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു. പെൺകുട്ടിയും ഇളയ സഹോദരനും പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. മരുന്ന് കഴിച്ചതിനെ തുടർന്ന് പിതാവ് മയങ്ങിയപ്പോൾ ടി.വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ അവിടെനിന്ന് പോയി. ജോലിക്ക് പോയ മാതാവ് തിരിച്ചെത്തിയപ്പോൾ പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിവരം ശാസ്താംകോട്ട പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അബ്ദുൾ വഹാബാണ് പ്രതിയെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയ്ക്കെതിരെ കേസെടുത്തത്.