ആലപ്പുഴ: ഭർത്താവിനെ അന്വേഷിക്കാനെന്ന വ്യാജേന ക്വാർട്ടേഴ്സിലെത്തി പൊലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറിയ എസ്.ഐയ്ക്കെതിരെ കേസ്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്.ഐ എൻ.ആർ. സന്തോഷിനെതിരെയാണ് നോർത്ത് പൊലീസ് കേസ് എടുത്തത്. 18ന് രാത്രി 8.30നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ പറയുന്നത് : ഭർത്താവായ പൊലീസുകാരൻ സംഭവ ദിവസം ഡ്യൂട്ടിയിലായിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്ന് വയർലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ എസ്.ഐ തിരുവനന്തപുരത്തേക്ക് അയച്ചു. പൊലീസുകാരൻ തിരുവനന്തപുരത്തേക്ക് പോയെന്ന് മനസിലാക്കിയ ശേഷം അന്ന് രാത്രി എസ്.ഐ ഇതേ പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേന ക്വാർട്ടേഴ്സിലെത്തി. ഭർത്താവിനെ ആരോ വിളിക്കുന്നത് കേട്ട് വാതിൽ തുറന്ന പൊലീസുകാരന്റെ ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്.ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ മൊഴിപ്രകാരം എസ്.ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ആലപ്പുഴ നോർത്ത് പൊലീസ് സംഭവത്തിൽ, യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പ്രതിയായതോടെ എസ്.ഐ ഒളിവിലാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റ് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം എസ്.ഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് വകുപ്പ് തല അന്വേഷണ ചുമതല. യുവതിയിൽ നിന്നും ഭർത്താവായ പൊലീസുകാരനിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശചെയ്തതായാണ് ലഭിക്കുന്ന വിവരം.