fggyhhg

കാട്ടാക്കട: കാട്ടാക്കടയിൽ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അഞ്ച് പവൻ സ്വർണം, രണ്ട് ലാപ്ടോപ്പുകൾ, വെള്ളി ആഭരണങ്ങൾ എന്നിവ കവർന്നു. പ്രവാസിയായ പൂവച്ചൽ പുന്നാംകരിക്കകം ജമീല മൻസിൽ നജുമുദീന്റെ വീട്ടിലാണ് ചൊവ്വാഴ്ച കവർച്ച നടന്നത്. നജുമുദിന്റെ ഭാര്യ ഷെഹനാസും മക്കളുമാണ് ഇവിടെ താമസം. ഇവർ സുഖമില്ലാതെ കിടക്കുന്ന മാതാവിനെ കാണാൻ ചൊവാഴ്ച കാപ്പിക്കാട്ടെ കുടുംബവീട്ടിലേക്ക് പോയിരുന്നു. പുലർച്ചെ 5ന് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് തൊട്ടടുത്ത് താമസിക്കുന്ന നുജുമുദ്ദീന്റെ മാതാവ് വന്ന് നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പ്രധാനവാതിൽ പൊളിച്ച് അകത്തുകടന്ന കള്ളൻ വീടിന്റെ കിടപ്പുമുറികൾ കുത്തിത്തുറന്ന് അലമാരകളിലും കബോർഡുകളിലും ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നശിപ്പിച്ച ശേഷമാണ് വിലപിടിപ്പുള്ളവ കവർന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദ്ഗദ്ധരും തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. നാലുലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി വീട്ടുകാർ പറയുന്നു.