gold

 ജൂലായ്-സെപ്‌തംബറിൽ ഉപഭോഗ വളർച്ച 47%

കൊച്ചി: ആഗോള ട്രെൻഡിന് വിപരീതമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയരുന്നു. ഈവർഷം ജൂലായ് - സെപ്‌‌തംബറിൽ ആഗോള ഡിമാൻഡ് ഏഴ് ശതമാനം ഇടിഞ്ഞ് 831 ടണ്ണിലെത്തി. എന്നാൽ, ഇന്ത്യയിൽ ആവശ്യകത 47 ശതമാനം കുതിച്ച് 139.1 ടണ്ണായെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. 2020ലെ സമാനപാദത്തിൽ ഇന്ത്യൻ ഡിമാൻഡ് 94.6 ടണ്ണായിരുന്നു.

രാജ്യത്ത് സ്വർണാഭരണ ഡിമാൻഡ് 60.8 ടണ്ണിൽ നിന്നുയർന്ന് 96.2 ടണ്ണായി; വളർച്ച 58 ശതമാനം. സ്വർണ നിക്ഷേപങ്ങൾ 33.8 ടണ്ണിൽ നിന്ന് 27 ശതമാനം ഉയർന്ന് 42.9 ടണ്ണിലുമെത്തി. സ്വർണാഭരണ വില്പനയുടെ മൂല്യവളർച്ച 27,750 കോടി രൂപയിൽ നിന്ന് 41,030 കോടി രൂപയിലേക്കാണ്; വർദ്ധന 48 ശതമാനം. നിക്ഷേപം 15,410 കോടി രൂപയിൽ നിന്ന് 19 ശതമാനം വർദ്ധിച്ച് 18,300 കോടി രൂപയായി.

ആകെ 59,330 കോടി രൂപയുടെ ഡിമാൻഡ് കഴിഞ്ഞപാദത്തിൽ ഇന്ത്യയിൽ സ്വർണത്തിനുണ്ടായി. 2020ലെ സമാനപാദത്തിലെ 43,160 കോടി രൂപയേക്കാൾ 37 ശതമാനം അധികം. സ്വർണത്തിന്റെ പുനരുപയോഗം ഇന്ത്യയിൽ 50 ശതമാനം താഴ്‌ന്ന് 20.7 ടണ്ണായി. ജൂലായ്-സെപ്‌തംബറിലെ ബുള്ള്യൻ ഇറക്കുമതി 187 ശതമാനം വർദ്ധിച്ച് 255.6 ടണ്ണിലെത്തി. ദീപാവലി ആഘോഷത്തിലേക്ക് രാജ്യം കടന്നിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കുതിക്കും.

കേന്ദ്ര ബാങ്കുകളിൽ

റിസർവ് ബാങ്ക്

സെപ്തംബർപാദത്തിൽ ഏറ്റവുമധികം സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിയ കേന്ദ്രബാങ്കുകളിൽ ഒന്നാമത് ഇന്ത്യയുടെ റിസർവ് ബാങ്കാണ്. കണക്ക് ഇങ്ങനെ: (ടണ്ണിൽ)

 റിസർവ് ബാങ്ക് : 41

 ഉസ്ബെക്കിസ്ഥാൻ : 27

 കസാക്കിസ്ഥാൻ : 7

 ബ്രസീൽ : 9

 റഷ്യ : 6

ടർക്കി 13 ടണ്ണും ഖത്തർ മൂന്ന് ടണ്ണും വിറ്റൊഴിഞ്ഞു.

ഇ.ടി.എഫ് ഇടിവ്

ആഗോളതലത്തിൽ സ്വർണ ഡിമാൻഡ് കഴിഞ്ഞപാദത്തിൽ 894.4 ടണ്ണിൽ നിന്ന് ഏഴ് ശതമാനം കുറഞ്ഞ് 831 ടണ്ണിലെത്തി. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്ന് (ഗോൾഡ് ഇ.ടി.എഫ്) വൻതോതിൽ നിക്ഷേപം കൊഴിഞ്ഞതാണ് തിരിച്ചടി. 2020 ഡിസംബർപാദത്തിൽ 4,000 ടണ്ണായിരുന്നു ഇ.ടി.എഫുകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 3,600 ടൺ.