തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. രാവിലെ 11ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ചെറിയാൻ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോക്കിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേറ്റ ഉമ്മന്‍ചാണ്ടി, ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്നും പറഞ്ഞു. ഇപ്പോഴും തന്റെ രക്ഷകര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
.ഇടതുപക്ഷത്ത് നിന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തിരഞ്ഞെടുപ്പില്‍ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കെ.ടി.ഡി.സി ചെയര്‍മാന്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.. ഇത്തവണ ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും സ്വീകരിച്ചിരുന്നില്ല. .ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചെറിയാന്‍ ഫിലിപ്പിനെ സി.പിഎം പരിഗണിച്ചിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും തഴഞ്ഞു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ചതോടെയാണ് അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.