കാസർകോട്: സ്വന്തം വയലിൽ ഭദ്ര വിത്തെറിഞ്ഞ് നെൽകൃഷി നടത്തി അഞ്ചു മാസം കൊണ്ട് നൂറുമേനി വിളവെടുപ്പ് നടത്തിയതിന്റെ ആഹ്ലാദത്തിലാണ് ഉദുമ വനിതാ സർവീസ് സഹകരണ സംഘം ഭാരവാഹികൾ. മാങ്ങാട് പാടശേഖരത്തിൽ സഹകരണ സംഘത്തിന്റെ സ്വന്തം കൃഷിയിടത്തിൽ നടത്തിയ നെൽകൃഷിയിലാണ്
സംഘത്തിലെ വനിതകളുടെ കൂട്ടായ്മയും കരുത്തും തെളിയിച്ചത്. വയലിൽ ഇന്നലെ നടന്ന കൊയ്ത്തുത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർച്ചയായി നാലാം വർഷമാണ് സംഘം കാർഷിക മേഖലയിൽ ഇടപെട്ട് കൃഷി നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയ സംഘമാണ് ഉദുമ വനിതാ സർവീസ് സഹകരണ സംഘം. കൊയ്ത്തുത്സവ പരിപാടിയിൽ സംഘം പ്രസിഡന്റ് കസ്തുരി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. കെ.എം. സുധാകരൻ സംബന്ധിച്ചു. സംഘം സെക്രട്ടറി ബി. കൈരളി സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളും സംഘത്തിലെ ജീവനക്കാരും നേതൃത്വം നൽകി.