aryan-khan

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മോഡൽ മുൻമുൻ ധമേച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി ഉത്തരവ് ഇന്നിറങ്ങും. ആർതർ റോഡ് ജയിലിൽ കഴിയുന്ന പ്രതികൾ ഇന്നോ നാളെയോ പുറത്തിറങ്ങും.

കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന എൻ.സി.ബിയുടെ വാദം തള്ളിയാണ് വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗിയാണ് ആര്യന് വേണ്ടി ഹാജരായത്. പ്രതിയിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും റോഹ്‌ത്തഗി വാദിച്ചു. അതിനാൽ അറസ്റ്റിന് നിയമ സാധുതയില്ലെന്നും അപ്രസക്തമായ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന് ബന്ധമുണ്ടെന്നും അറസ്റ്റ് നിയമപ്രകാരമാണെന്നും എൻ.സി.ബി കോടതിയിൽ പറഞ്ഞിരുന്നു.

കൂട്ടുകാരന്റെ പക്കൽ ചരസ് ഉണ്ടെന്ന് ആര്യൻഖാന് അറിയാമായിരുന്നു. ആര്യൻഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്നും എൻ.സി.ബി വാദിച്ചിരുന്നു.

എന്നാൽ ആര്യന്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സാപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോഹ്‌ത്തഗി കോടതിയെ അറിയിച്ചു.

അതേസമയം, സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നതായി എൻ.സി.ബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻ.സി.ബി വാദിച്ചു. കോടതി അത് തള്ളി.

ഒക്ടോബർ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 20 പേർ എൻ.സി.ബിയുടെ പിടിയിലായിട്ടുണ്ട്.