kim-jong-un

പ്യോംഗ്യാംഗ്: രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി കടുത്തതിനാൽ 2025 വരെ ജനങ്ങൾ കുറച്ച് ഭക്ഷണം കഴിച്ചാൽ മതിയെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ.

ജനസംഖ്യയുടെ അനുപാതത്തിന് അനുസരിച്ച് അളവിന് ഉത്പാദനം നടക്കാത്തതിനാൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ദിനംപ്രതി വർദ്ധിക്കുകയാണ്.

കാർഷിക മേഖല രാജ്യത്തിന്റെ ധാന്യം ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നും കിം പറഞ്ഞു.

അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിലും കൊവിഡ് പ്രതിസന്ധി കാരണവും ഉത്തര കൊറിയയിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കനത്ത മഴയിൽ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് നടന്ന ചർച്ചയിൽ ഭക്ഷ്യ പ്രതിസന്ധി ചുരുങ്ങിയത് 2025 വരെയെങ്കിലും നീണ്ടുനിൽക്കുമെന്ന് അധികൃതർ സൂചിപ്പിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ ആണവ പദ്ധതികൾ മൂലം ലോകരാഷ്ട്രങ്ങൾ സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.