heavy-rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന് മന്ത്രി രാജൻ അറിയിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ സമാനമായ സഞ്ചാരപാതയാണ് നിലവിൽ കാണിക്കുന്നത്. നവംബർ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു അറബിക്കടലിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഓറഞ്ച് അലർട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടർമാർക്ക് നിർദേശം നൽകി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ആറ് മണിക്ക് തന്നെ അനൗൺസ്മെന്റുകൾ നൽകും . അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍ വാലി ജംഗ്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്.സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും മലവെള്ളം ഇരച്ചുകയറി.

കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ്. ഇന്നും കനത്തമഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്തമഴ കണക്കിലെടുത്ത് നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.