nawab-malik-tweet

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ ആര്യൻഖാന് ജാമ്യം അനുവദിച്ചതിന് പിന്നാലെ,​ ഷാരൂഖ്ഖാന്റെ ഡോൺ സിനിമയിലെ പ്രശസ്തമായ ഡയലോഗ് ട്വീറ്റ് ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്.

പിക്ചർ അഭി ബാക്കി ഹൈ മേരെ ദോസ്ത് (ചിത്രം ഇനിയും കഴിഞ്ഞിട്ടില്ല,​ സുഹൃത്തെ)​ എന്നാണ് ട്വീറ്റ്. കേസൊതുക്കിത്തീർക്കാൻ 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എൻ.സി.ബി ഡയറക്ടർ സമീർ വാങ്ക്ഡെയെ ഉദ്ദേശിച്ചാണ് ട്വീറ്റെന്നാണ് വിലയിരുത്തൽ.

ഷാരൂഖ്ഖാന്റെ ആരാധകർ ഇരുകൈയും നീട്ടിയാണ് ഈ ട്വീറ്റിനെ സ്വീകരിച്ചത്. നിരവധിപ്പേർ കമന്റ് ചെയ്തു.

ആര്യൻഖാനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ (വാങ്ക്ഡെ) ഇപ്പോൾ അറസ്റ്റ് ഒഴിവാക്കാൻ മുംബയ് പൊലീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

അവൻ ശരിക്കും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകണം, അതിനാലാണ് അയാൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയപ്പെടുന്നത്. ഈ മയക്കുമരുന്ന് കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന വാദം ഞാൻ ആവർത്തിക്കുന്നു. കുട്ടികളെ ബോധപൂർവം കുടുക്കുകയായിരുന്നു. കേസ് ബോംബെ ഹൈക്കോടതിയിൽ വന്നാൽ അത് അട്ടിമറിക്കപ്പെടുമെന്നും മാലിക് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.