abdullah-hamduq

ഖാർത്തും: ​മുൻ സുഡാൻ പ്രധാനമന്ത്രി അബ്​ദുല്ല ഹംദുക്കിനേയും ഭാര്യയേയും സൈന്യം വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് സൈന്യം പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഖാർത്തൂമിലെ വസതിയിൽ കനത്ത സുരക്ഷയിലാണ്​ ഹംദുക്കെന്ന്​ അദ്ദേഹത്തിന്റെ ഓഫിസ്​ അറിയിച്ചു.

സാമ്പത്തിക ശാസ്​ത്രജ്​ഞനും മുൻ യു.എൻ ഉന്നത ഉദ്യോഗസ്ഥനുമാണ്​ ഹംദുക്​.

സൈനിക മേധാവി ജനറൽ അബ്​ദുൽ ഫത്താഹ്​ അൽ ബുർഹാന്റെ നടപടിക്കെതിരെ അന്താരാഷ്​ട്ര തലത്തിൽ വിമർശനമുയർന്നതോടെയാണ്​ ഹംദുക്കിനെയും ഭാര്യയെയും മോചിപ്പിച്ചത്​.

സൈനിക അട്ടിമറിക്കു പിന്നാലെ സുഡാന്​ നൽകി വന്ന സഹായം അമേരിക്ക​ റദ്ദാക്കിയിരുന്നു. സഹായം നിറുത്തലാക്കുമെന്ന്​ യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. ഹംദുക്കിന്റെ മോചനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്റേണിയോ ഗു​ട്ടെറസും ആവശ്യപ്പെട്ടു. അറസ്​റ്റ്​ ചെയ്​ത പ്രധാനമന്ത്രിയെ അജ്​ഞാത കേ​ന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്​.

@ സുഡാൻ ആഫ്രിക്കൻ യൂണിയനിൽ നിന്ന്​ പുറത്ത്​

സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കൻ യൂണിയനിൽ നിന്ന്​ പുറത്താക്കി. പഴയ സർക്കാരിനെ പുനസ്ഥാപിച്ചാൽ സുഡാനെ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു.