de-cock

ഗ്രൗണ്ടിൽ മുട്ടുകുത്തി പ്രതിഷേധിക്കാൻ വിസമ്മതിച്ചതിൽ മാപ്പുപറഞ്ഞ് ക്വിന്റൺ ഡി കോക്ക്

ദുബായ്: വർണവിവേചനത്തിനെതിരായ ഐക്യദാർഢ്യ വിവാദത്തിൽ മാപ്പ് ചോദിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർ ക്വിന്റൺ ഡികോക്ക്. ട്വന്റി-20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് പിന്തുണപ്രഖ്യാപിച്ച് ടീമംഗങ്ങൾ മൈതാനത്ത് കാൽമുട്ടുകുത്തി നിൽക്കണമെന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ഡികോക്ക് ടീമിൽ നിന്ന് വിട്ടുനിന്നത് താരത്തിനെതിരേ വലിയ പ്രതിഷേധമാണുയർത്തിയിരുന്നു. ഇതോടെയാണ് മാപ്പു പറയാൻ ഡി കോക്ക് തയ്യാറായത്. ഇനിയുള്ള മത്സരങ്ങളിൽ വർണവെറിക്കെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുമെന്നും താൻ വംശീയ വിരോധിയല്ലെന്നും ഡികോക്ക് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കറുത്ത വർഗക്കാർ ഉൾപ്പെടുന്ന കുടുംബമാണ് തന്റേതെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിച്ചതാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്നും ഡികോക്ക് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്റെ ടീമംഗങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ച് തുടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതു ഇങ്ങനെ വലിയൊരു പ്രശ്‌നമാക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങളെപ്പോലെയുള്ള താരങ്ങൾ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും എനിക്കറിയാം.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയതിലൂടെ ഞാൻ ആരേയും നിന്ദിക്കാൻ ഉദ്ദേശിച്ചിട്ടില്ല, പ്രത്യേകിച്ച് വിൻഡീസ് ടീമിനെ. ചൊവ്വാഴ്ച്ച രാവിലെ കളിക്കാനായി ഗ്രൗണ്ടിലേക്ക് പോകുമ്പോൾ ടീം ബസിൽ നിന്നാണ് ഈ നിര്‍ദേശം ഞങ്ങൾ അറിഞ്ഞതെന്ന് നിങ്ങൾ പലർക്കും അറിയില്ലായിരിക്കാം. ക്രിക്കറ്റ് ബോർഡിന്റെ ഈ വാശി കാരണമാണ് ഞാൻ പിന്മാറിയത്. എന്നിരുന്നാലും ഞാൻ കാരണം നിങ്ങൾക്കുണ്ടായ വേദനയ്ക്കും ആശയക്കുഴപ്പത്തിനും ദേഷ്യത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു.

- ക്വിന്റൺ ഡി കോക്ക്

മുട്ടുകുത്തില്ലെന്ന് ലങ്കൻ ടീം

ട്വന്റി-20 ലോകകപ്പിൽ മുട്ടു കുത്തി നിന്നുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഈ വർഷം ആദ്യം വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് കളിക്കാരോട് പറഞ്ഞത്. ലോകകപ്പിലും ഇതേ നിലപാട് പിന്തുടരണമെന്നാണ് ബോർഡിന്റെ നിർദേശം.