v-d-satheesan

തിരുവനന്തപുരം: തനിക്കെതിരായി പി.വി. അന്‍വര്‍ എം.എൽ.എ ഉന്നയിച്ച ആരോപണത്തിന് നിയമസഭയില്‍ വിശദീകരണം നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1991- 92 കാലത്ത് പറവൂര്‍ കേന്ദ്രമാക്കി ഞാന്‍ മണിചെയിന്‍ തട്ടിപ്പു നടത്തിയെന്നാണ് ആക്ഷേപം. ആദ്യം പറഞ്ഞത് ഓണ്‍ലൈന്‍ തട്ടിപ്പെന്നാണ്. അന്ന് ഓണ്‍ലൈനും ഫോണും ഇല്ലെന്ന് അദ്ദേഹത്തെ ആരോ തിരുത്തി. പിന്നീടാണ് മണിചെയിന്‍ തട്ടിപ്പെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ 96 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് പറവൂരില്‍ എത്തുന്നത്. അതിന് മുന്‍പ് രണ്ട് വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് പറവൂരില്‍ പോയിട്ടുള്ളത്. അങ്ങനെയുള്ള ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നാണ് ആരോപണം. തട്ടിപ്പ് നടന്നെന്നു പറയുന്ന 91-92 കാലഘട്ടത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ എല്‍.എല്‍.എമ്മിനു പഠിക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.

ഈ സ്ഥാനത്ത് ഇരുന്നു പോയി എന്നതുകൊണ്ട് എന്തും പറയാമെന്നാണോ? മരിച്ചു പോയ പിതാവിനെ പോലും അപമാനിക്കുകയാണ്. ഞാന്‍ ആര്‍ക്കും 50 ലക്ഷം രൂപ കൊടുക്കാനില്ല. ഭരണകക്ഷി എം.എൽ.എ ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രിക്ക് എന്ത് അന്വേഷണം വേണമെങ്കിലും പ്രഖ്യാപിക്കാം. അപമാനിക്കാം... പക്ഷെ, തോൽപ്പിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.