ന്യൂഡൽഹി : ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്കെതിരെ പ്രത്യേക അന്വേഷണം നടത്താൻ നിർദ്ദേശിച്ച് ഹരിയാന വനിതാ കമ്മിഷൻ. വനിതാ കമ്മീഷൻ അദ്ധ്യക്ഷ പ്രീത ഭരദ്വാജ് ദലാലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകിയത്.
സാമൂഹ്യപ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജ് വനിതാ കമ്മിഷനിൽ നൽകിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികൾ നൽകി പുരുഷൻമാരിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നും ഇവർ ആരോപിച്ചിരുന്നു.
ഒരു വർഷത്തിനിടയിൽ ഒരേ യുവതി തന്നെ ഏഴ് പുരുഷൻമാരുടെ പേരിൽ ലൈംഗിക പീഡന പരാതി നൽകിയതാണ് സംശയത്തിന് ഇടയാക്കിയത്. പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. ഡി.എൽ.എഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവിൽ യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളിൽ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് നേരത്തെ കണ്ടെതതിയിരുന്നു. ഇതിന് ശേഷവും യുവതി പരാതികൾ നൽകിയതോടെയാണ് അന്വേഷണം വേണമെന്ന് ആവശ്യമുയർന്നത്.