aryan-khan

മുംബയ്: ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും കൂട്ടു പ്രതികളായ അർബ്ബാസ് മെർച്ചന്റിനും മൂൺ മൂൺ ധമേച്ചക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിശദമായ ഉത്തരവിന്റെ പകർപ്പ് നാളെ ലഭിക്കുമെന്ന് കോടതി വിധിക്ക് ശേഷം ആര്യന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. നാളെയോ ശനിയാഴ്ചയോ എല്ലാ പ്രതികളും ജയിലിൽ നിന്ന് പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഏഴ് മുതൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ.

ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാൻ വൈകിട്ട് അഞ്ചിന് മുമ്പ് വിടുതൽ ഉത്തരവ് ആർതർ റോഡ് ജയിലിന് പുറത്തുള്ള പെട്ടിയിൽ നൽകണമെന്നാണ് ചട്ടം. ഇന്ന് തന്നെ പ്രത്യേക എൻ.ഡി.പി.എസ് കോടതിയിൽ നിന്ന് ആര്യന്റെ ടീം വിടുതൽ ഉത്തരവ് വാങ്ങി അഞ്ച് മണിക്ക് ശേഷം ജാമ്യപ്പെട്ടിയിൽ വച്ചാൽ, നാളെ രാവിലെ ആറ് മണിക്ക് ജാമ്യപ്പെട്ടി തുറക്കും, ഏതാനും മണിക്കൂറുകൾക്ക് ശേഷം ആര്യന്റെ മോചനം സാദ്ധ്യമാകും.

ആര്യന്റെ ടീമിന് ഇന്ന് പ്രത്യേക എൻ.ഡി.പി.എസ് കോടതിയിൽ നിന്ന് വിടുതൽ ഉത്തരവ് ലഭിച്ചില്ലെങ്കിൽ നാളെ രാവിലെ കോടതി നടപടികൾ ആരംഭിക്കുമ്പോൾ അത് വാങ്ങി ഉച്ചയോടെ ജയിലിന് പുറത്തുള്ള ജാമ്യപ്പെട്ടിയിൽ ഇടാം. ഇതിന് ശേഷം അഞ്ച് മണിക്ക് ജാമ്യപ്പെട്ടി തുറക്കും, അതിന് മണിക്കൂറുകൾക്ക് ശേഷമാകും ആര്യന്റെ മോചനം സാദ്ധ്യമാകുക.

മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ രണ്ടിനാണ് എൻ.സി.ബി ആര്യൻ ഖാനെയും മോഡൽ മുൻമുൺ ധമേച്ചയെയും അർബാസ് മെർച്ചന്റിനെയും കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഈ കേസിൽ 20 പേരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേർക്ക് അടുത്തിടെ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിരുന്നു.