icc-wrld-cup

ദുബായ് : ശ്രീലങ്കയ്ക്ക് എതിരായ ഐ.സി.സി ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഏഴുവിക്കറ്റ് വിജയം നേടി ആസ്ട്രേലിയ. ഇന്നലെ ദുബായ് സ്റ്റേഡിയത്തിൽ ലങ്കയെ 154/6ൽ ഒതുക്കിയ ശേഷം മൂന്നോവർ ബാക്കിനിൽക്കേ ആസ്ട്രേലിയ വിജയം കാണുകയായിരുന്നു. ഈ ലോകകപ്പിൽ ഓസീസിന്റെ രണ്ടാം ജയമാണിത്. നേരത്തേ അവർ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചിരുന്നു.

ചരിത്ത് അസലങ്ക(35),കുശാൽ പെരേര(35),ഭാനുക രാജപക്സ(33*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലങ്ക 154 റൺസടിച്ചത്.ഓസീസിന് വേണ്ടി 42 പന്തുകളിൽ 65 റൺസെടുത്ത ഡേവിഡ് വാർണർ ചേസിംഗിന് ചുക്കാൻ പിടിച്ചു. 37 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചും 28 റൺസുമായി പുറത്താകാതെ നിന്ന സ്റ്റീവൻ സ്മിത്തും വിജയം അനായാസമാക്കി.

ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്ടൻ ഫിഞ്ച് ലങ്കയെ ബാറ്റിംഗിനിറക്കുകയായിരുന്നു. ലങ്കയുടെ തുടക്കം നല്ലതായിരുന്നില്ല. മൂന്നാം ഓവറിൽ ടീം സ്കോർ 15ൽ നിൽക്കേ പാത്തും നിസാങ്കയെ(7) കമ്മിൻസ് വാർണറുടെ കയ്യിലെത്തിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച അസലങ്കയും കുശാൽ പെരേരയും കൂട്ടിച്ചേർത്ത 63 റൺസ് ലങ്കയ്ക്ക് ആശ്വാസമായി. പത്താം ഓവറിൽ ടീം സ്കോർ 78ൽ നിൽക്കേ അസലങ്കയെ ആദം സാംപ സ്റ്റീവൻ സ്മിത്തിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ സ്റ്റാർക്ക് പെരേരയെ ബൗൾഡാക്കുകയും ചെയ്തു. ഇതോടെ ലങ്ക 86/3 എന്ന നിലയിലായി.

എട്ടു റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി ലങ്കയ്ക്ക് നഷ്ടമായി.അവിഷ്ക ഫെർണാണ്ടോയെ (4) ആദം സാംപയും ഹസരംഗയെ (4) സ്റ്റാർക്കുമാണ് കൂടാരം കയറ്റിയത്. എന്നാൽ ഒരറ്റത്ത് ഭാനുക രാജപക്സ നിലയുറപ്പിച്ചത് 94/5 എന്ന നിലയിൽ നിന്ന് കരകയറാൻ ലങ്കയെ സഹായിച്ചു. 18-ാം ഓവറിൽ ക്യാപ്ടൻ ദാസുൻ ഷനകയെ(12) കമ്മിൻസ് മടക്കി അയച്ചെങ്കിലും ചാമിക കരുണരത്നയെ(9*) കൂട്ടുനിറുത്തി ഭാനുക 154ലെത്തിച്ചു.

ഇന്നത്തെ മത്സരങ്ങൾ

വെസ്റ്റ് ഇൻഡീസ് Vs ബംഗ്ളാദേശ്

വൈകിട്ട് 3.30 മുതൽ

അഫ്ഗാനിസ്ഥാൻ Vs പാകിസ്ഥാൻ

രാത്രി 7.30 മുതൽ