harbhajan-singh

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും പാകിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ആമിറും തമ്മിലുള്ള ട്വിറ്ററിലെ പോരുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ വന്നത്. ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചതിന് പിന്നാലെ ഹർഭജനെ പ്രകോപിപ്പിക്കാൻ ആമിർ ശ്രമിച്ചു, തുടർന്ന് പരിഹാസം ഒരു തർക്കമായി മാറി. ഇതിനു പിന്നാലെ ഹർഭജൻ ആമിറിനെ ഒത്തുകളിച്ചവൻ എന്ന് വിളിച്ചിരുന്നു.

ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഹർഭജൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആമിറിനെപ്പോലെ ഉള്ളവർക്കായി ഒരു സ്‌കൂൾ തുറക്കണമെന്ന് അഭ്യർത്ഥിച്ചു. സീനിയർ ക്രിക്കറ്റ് താരങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് പഠിക്കാൻ കഴിയുന്ന ഒരു സ്കൂൾ തുറക്കാൻ ഞാൻ ഇമ്രാൻ ഖാനോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ രാജ്യത്ത്, ഞങ്ങളെ മര്യാദകൾ പഠിപ്പിക്കുന്നുണ്ട്. ഇന്നും വസീം അക്രത്തെപ്പോലുള്ള ക്രിക്കറ്റ് കളിക്കാരോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. അദ്ദേഹത്തെ (ആമിർ) പോലെയുള്ള ആളുകൾക്ക് ആരോട് എന്ത് സംസാരിക്കണമെന്ന് അറിയില്ല, തന്റെ രാജ്യത്തെ വിറ്റ ഒരാളുടെ അഭിപ്രായത്തോട് താൻ പ്രതികരിക്കാൻ പാടില്ലായിരുന്നു എന്നും ഹർഭജൻ പറഞ്ഞു.

മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയ്‌ബ് അക്തറുമായും ഹർഭജൻ വാക്പോര് നടത്തിയിട്ടുണ്ട്. എന്നാൽ വളരെക്കാലമായി പരസ്പരം അറിയുന്നതിനാൽ അവർ തമ്മിലുള്ള വാക്പോര് വ്യത്യസ്തമാണെന്ന് ഹർഭജൻ പറഞ്ഞു. ഞാനും ഷൊയ്ബും തമ്മിലുള്ള തമാശ വ്യത്യസ്തമാണ്, കാരണം ഞങ്ങൾ ക്രിക്കറ്റ് കളിച്ച് വളരെക്കാലമായി പരസ്പരം അറിയാം. ഞങ്ങൾ ഒരുമിച്ച് നിരവധി ഷോകളും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഒരു ധാരണയുണ്ട്. ആരാണ് മുഹമ്മദ് ആമിർ? അവൻ തന്നെയാണോ? ലോർഡ്‌സിൽ ഒത്തുകളിച്ച ആൾതന്നെയല്ലെ? അവന്റെ വിശ്വാസ്യത എന്താണ്? തന്റെ രാജ്യത്തിന് വേണ്ടി കഷ്ടിച്ച് 10 മത്സരങ്ങൾ കളിച്ചിട്ടുണ്ടാവും, ഒരു മത്സരത്തിൽ ഒത്തുളിക്കുന്നതിനായി പണം വാങ്ങി തന്റെ രാജ്യത്തെയും വഞ്ചിച്ചു എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

2010ലെ പാകിസ്ഥാന്റെ ഇം​ഗ്ലണ്ട് പര്യടനത്തിനിടെ ആമിറും മറ്റ് രണ്ട് പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ആസിഫും സൽമാൻ ബട്ടും ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. മൂന്ന് ക്രിക്കറ്റ് താരങ്ങൾക്കും വിലക്ക് ലഭിച്ചെങ്കിലും 2016ൽ ആമിറിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാൻ പാകിസ്ഥാൻ തീരുമാനിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മാനസിക പീഡനം ചൂണ്ടിക്കാട്ടി ആമിർ 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.