തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുന്നത് സംസ്ഥാനത്ത് നിലവിൽ പ്രശ്നം ഉണ്ടാക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. അണക്കെട്ടിൽ നിന്നും സെക്കൻഡിൽ 9000 ഘനയടി വെള്ളം സ്പിൽവേയിലൂടെ ഒഴുകി വന്നാലും പ്രശ്നം ഉണ്ടാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒാരോ പുഴയിലും ഗേജിംഗ് സ്റ്റാറ്റസ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അണക്കെട്ട് തുറന്നാൽ എത്രത്തോളം വെള്ളം പുഴയിലുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. സംസ്ഥാനത്തെ വിവിധ പുഴകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞുനിറുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി അഞ്ച് അണക്കെട്ടുകളുടെ ശുപാർശ പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. മിനി വൈദ്യുത പദ്ധതികൾക്കും സാദ്ധ്യതയുണ്ട്.
കണ്ടന്റ് റൈറ്റർമാർക്ക്
പ്രതിഫലം
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണാ ഓപ്പൺ സർവകലാശാലയിലെ കണ്ടന്റ് റൈറ്റർമാർക്ക് ചെയ്ത പ്രവൃത്തിക്ക് ആനുപാതികമായി പ്രതിഫലം ലഭിച്ചെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. പാഠഭാഗങ്ങൾ വിദഗ്ദ്ധസമിതി അവലോകനം ചെയ്താണ് പ്രതിഫലം നിശ്ചയിക്കേണ്ടതെന്നും എം.കെ.മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ചത്
2074 വീടുകൾ: മന്ത്രി വാസവൻ
തിരുവനന്തപുരം:കെയർഹോം പദ്ധതി പ്രകാരം ഒക്ടോബർ 11 വരെ 2074 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ. 18 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. 2000 വീടുകൾ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി വിവിധ ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച് 2092 വീടുകളാക്കിയിരുന്നു.