microsoft

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പട്ടം സോഫ്‌റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്‌റ്റിന് ഉടൻ സ്വന്തമായേക്കും. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളാണ് ഇപ്പോൾ 2.461 ലക്ഷം കോടി ഡോളർ (181 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ഏറ്റവും മൂല്യമുള്ള ലിസ്‌റ്റഡ് (ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത) കമ്പനി. 2.426 ലക്ഷം കോടി ഡോളറാണ് രണ്ടാമതുള്ള മൈക്രോസോഫ്‌റ്റിന്റെ ആസ്‌തി (178 ലക്ഷം കോടി രൂപ).

മൈക്രോസോഫ്‌റ്റിന്റെ അസ്യൂർ ക്ളൗഡ് - കമ്പ്യൂട്ടിംഗ് ബിസിനസിന് കഴിഞ്ഞപാദത്തിൽ ലഭിച്ച മികച്ച സ്വീകാര്യതയുടെ പിൻബലത്തിൽ കമ്പനിയുടെ ഓഹരിവില കഴിഞ്ഞദിവസം 4.2 ശതമാനം ഉയർന്ന് 323.17 ഡോളറിൽ (23,800 രൂപ) എത്തിയിരുന്നു. ഇതോടെയാണ് കമ്പനിയുടെ മൂല്യവും കുതിച്ച് ആപ്പിളിന് തൊട്ടരുകിലെത്തിയത്.

പൊരിഞ്ഞപോര്

ഐഫോണുകൾക്ക് ലഭിച്ച ആഗോള സ്വീകാര്യതയെ തുടർന്ന് 2010ലാണ് മൈക്രോസോഫ്‌റ്റിനെ പിന്നിലാക്കി ആപ്പിളിന്റെ മൂല്യം ആദ്യമായി ഒന്നാമതെത്തിയത്. പിന്നീട് ഇരുകമ്പനികളും മാറിമാറി ഒന്നാംസ്ഥാനം പിടിച്ചെടുത്തു. 2020ന്റെ രണ്ടാംപാതി മുതൽ ആപ്പിളിന്റെ കൈവശമുള്ള പട്ടം തിരിച്ചുപിടിക്കാനുള്ള കുതിപ്പാണ് മൈക്രോസോഫ്‌റ്റ് നടത്തുന്നത്.

45%

2021ൽ ഇതുവരെ മൈക്രോസോഫ്‌റ്റ് ഓഹരികളുടെ മുന്നേറ്റം 45 ശതമാനം. ആപ്പിളിന്റെ വളർച്ച 12 ശതമാനം.

അമേരിക്കൻ പെരുമ

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒട്ടുമിക്കവയും അമേരിക്കയിൽ നിന്നുള്ളവ. ലക്ഷംകോടി ഡോളറിനുമേൽ മൂല്യമുള്ള കമ്പനികൾ ഇവയാണ്:

 ആപ്പിൾ

 മൈക്രോസോഫ്‌റ്റ്

 ആമസോൺ

 ആൽഫബെറ്റ്

 ടെസ്‌ല