അബുദാബി: അപകടങ്ങൾ ചിത്രീകരിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഇതുമായി ബന്ധപ്പെട്ട ക്ലിപ്പുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടുത്തങ്ങളും വാഹനാപകടങ്ങളും സംഭവിക്കുന്ന സ്ഥലങ്ങളിൽ കാഴ്ചക്കാരായി ഒത്തുകൂടുന്നതിനും തിക്കിതിരക്കുന്നതിനും വാഹനങ്ങൾ ക്രമരഹിതമായി പാർക്ക് ചെയ്യുന്നതിനും ആളുകളിൽ നിന്നും 1000 ദിർഹം ഉടൻ പിഴ ഈടാക്കാവുന്നതാണെന്നും പ്രാദേശിക മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.
തലസ്ഥാനത്തെ അൽ സഫറാനയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഉണ്ടായ ജനക്കൂട്ടത്തെ തുടർന്നാണ് ഈ ഓർമ്മപ്പെടുത്തൽ. അബുദാബി പൊലീസ് പങ്കിട്ട ഒരു ക്ലിപ്പിൽ കാണികളെ പിരിച്ചുവിടാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി കാണാം.
അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസും അപകട സ്ഥലങ്ങളിലും തീപിടുത്തത്തിന് സമീപവും തിരക്ക് ഒഴിവാക്കണമെന്ന് നിവാസികളോട് അഭ്യർത്ഥിച്ചു. അത്തരം പെരുമാറ്റം അപകടബാധികതരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായുളള അടിയന്തര പ്രതികരണത്തിന് തടസമാകും. ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, പൊലീസ് എന്നിവയ്ക്ക് വഴിയൊരുക്കണം, അങ്ങനെ ഇരകളെ എത്രയും വേഗം രക്ഷിക്കാനും ചികിത്സിക്കാനും കഴിയും.