saudi

റിയാദ്: മരങ്ങളെ കരിയാക്കി മാറ്റാൻ വേണ്ടി വെട്ടിമാറ്റിയ അഞ്ച് പരിസ്ഥിതി നിയമലംഘകരെ സൗദി അറേബ്യയുടെ പ്രത്യേക സേന (എസ്.എഫ്.ഇ.എസ്) അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. പ്രാദേശിക വിറക്, കരി, മരങ്ങൾ മുറിക്കുന്നതിനും കത്തിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ ഇവരുടെ കൈവശമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

നിയമലംഘനം നടത്തിയ അഞ്ച് പേർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമ നടപടികൾ സ്വീകരിച്ചതായും പിടിച്ചെടുത്ത വസ്തുക്കൾ രാജ്യത്തിന്റെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും എസ്.എഫ്.ഇ.എസ് വക്താവ് പറഞ്ഞു. പരിസ്ഥിതി, വന്യജീവി, ജൈവ വൈവിദ്ധ്യം എന്നിവ സംരക്ഷിക്കാനായി നിലവിലുളള നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുക്കയാണ് എസ്.എഫ്.ഇ.എസിയുടെ ലക്ഷ്യം.

സൗദി അറേബ്യയിൽ ഒരു മരം മുറിക്കുന്നതിന് 20,000 റിയാൽ വരെയാണ് പിഴ. ഇത് ഏകദേശം നാലുലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. പ്രാദേശിക വിറകും കരിയും സംഭരിക്കുന്നത് ഒരു ക്യൂബിക് മീറ്ററിന് 16,000 റിയാൽ പിഴയായി ഈടാക്കുമെന്നും അധികൃതർ പറയുന്നു.