സാൻഫ്രാൻസിസ്‌കോ: സാമൂഹ്യമാദ്ധ്യമ രംഗത്തെ വമ്പൻമാരായ ഫേസ്ബുക്ക് പേര് മാറ്റി. മെറ്റ എന്ന പേരിലാകും കോർപറേറ്റ് രംഗത്ത് ഇനി ഫേസ്‌ബുക്ക് അറിയപ്പെടുകയെന്ന് സി.ഇ.ഒ മാർക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് കണക്ടഡ് ഒാഗ്മന്റ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് സക്കർബർഗ് പേരുമാറ്റ വിവരം പ്രഖ്യാപിച്ചത്. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളേയും ഫേസ്‌ബുക്ക് എന്ന പേര് പ്രതിഫലിപ്പിക്കുന്നില്ലാത്തതിനാലാണ് പേര് മാറ്റുന്നതെന്ന് സക്കർബർഗ് വിശദീകരിച്ചു.
മെറ്റ എന്ന ഗ്രീക്ക് വാക്കിന് ഇംഗ്ലീഷിൽ ബിയോണ്ട് അഥവാ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണർത്ഥം. അതേസമയം കമ്പനിയുടെ കീഴിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരിൽ മാത്രമാണ് മാറ്റമുള്ളത്.