ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സ്പിൽവേയിലെ മൂന്ന്, നാല് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.മൂന്ന് വർഷത്തിന് ശേഷമാണ് സ്പിൽവേ തുറന്നത്. സെക്കൻഡിൽ 534 ഘനയടി വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
രാവിലെ ഏഴ് മണിയ്ക്ക് അണക്കെട്ട് തുറക്കുമെന്നായിരുന്നു തമിഴ്‌നാട് അറിയിച്ചിരുന്നത്. 6.45 ഓടെ മന്ത്രിമാരായ കെ രാജനും, റോഷി അഗസ്റ്റിനും മുല്ലപ്പെരിയാറിലെത്തിയിരുന്നു. എന്നാൽ തമിഴ്‌നാട് ഉദ്യോഗസ്ഥർ അൽപനേരം വൈകിയതിനെത്തുടർന്ന് 7.29ന് മൂന്നാം ഷട്ടറും, 7.30ന് നാലാം ഷട്ടറും ഉയർത്തി.
നിലവിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.75 അടിയാണ്. ജലനിരപ്പ് 138 അടിയിൽ എത്തിയാൽ സ്പിൽവേ അടയ്ക്കും. ഒൻപതുമണിയോടെ വെള്ളം ഇടുക്കി ഡാമിൽ എത്തും. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.32 അടിയിലെത്തി. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഡാം തുറക്കും.
അണക്കെട്ടിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.പീരുമേട് താലൂക്കിൽ മാത്രം എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.