saami-song

അല്ലു അർജുൻ ചിത്രം പുഷ്പയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. 'സാമി സാമി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വിഡിയോയാണ് പുറത്തുവിട്ടത്. സിത്താരയാണ് ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്. ദേവി ശ്രി പ്രസാദാണ് സിജു തുറവൂരിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് .

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ വില്ലനായിട്ടാണ് നടൻ ഫഹദ് ഫാസിൽ എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റപ്പോർട്ടുകൾ. 250 കോടി രൂപ ചെലവിട്ടാണ് സിനിമ ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്. പി.ആർ.ഒ: ആതിര ദിൽജിത്ത്‌.