arest

കൊല്ലം: പണയം വയ്ക്കാൻ വീടിന്റെ പ്രമാണം കൊടുക്കാത്തതിന് ഭാര്യയെ മൺവെട്ടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തേവലപ്പുറം സുരേഷ് ഭവനിൽ മഞ്ജുവിനാണ്(35) പരിക്കേറ്റത്. മുതുകത്ത് വെട്ടേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട മഞ്ജുവിന്റെ ഭർത്താവ് സുഭാഷിനെ(40) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. മദ്യപിക്കുന്ന സ്വഭാവക്കാരനായ പ്രതി വീടിന്റെ ആധാരം പണയം വയ്ക്കാനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഞ്ജു ഇത് കൊടുത്തില്ല. തുടർന്ന് വാക്കേറ്റത്തിനിടെ സുഭാഷ് മഞ്ജുവിനെ മർദ്ദിച്ചു. ഇതിന് ശേഷമാണ് മൺവെട്ടികൊണ്ട് വെട്ടിയത്. തടസം പിടിക്കാനെത്തിയ സുഭാഷിന്റെ മാതാവ് ഭവാനി(70)യ്ക്കും പരിക്കേറ്റു. ഭവാനിയുടെ ദേഹത്തേക്ക് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു.

മഞ്ജുവിന്റ പരാതിയിലാണ് പുത്തൂർ പൊലീസ് കേസെടുത്തത്. മുൻപ് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിലും അയൽവീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയ കേസിലും പ്രതിയാണ് സുഭാഷ്. സി.ഐ സുഭാഷ് കുമാർ, എസ്.ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ഭാസി, നന്ദകുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ വിനോദ്, മുഹമ്മദ് റാഷിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.