തിരുവനന്തപുരം: മണിചെയിൻ തട്ടിപ്പ് നടത്തിപ്പ് നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ കേസെടുക്കുകയോ മൊഴിയെടുക്കുകയോ ചെയ്ത് ആക്ഷേപിക്കാം പക്ഷേ, താേൽപ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തൻെറ അസാന്നിദ്ധ്യത്തിൽ പി.വി. അൻവർ കഴിഞ്ഞദിവസം നിയമസഭയിൽ നടത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അഞ്ച് തവണയായി പറവൂരിൽ എം.എൽ.എയാണ്. ഓരോ തവണയും ഭൂരിപക്ഷം കൂടിയിട്ടുണ്ട്. അവിടെയാണ് ഞാൻ ആയിരം പേരെ പറ്റിച്ചെന്നു പറയുന്നത്. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991- 92ൽ തിരുവനന്തപുരം ഗവ. ലോ കോളേജിൽ എൽഎൽ.എമ്മിനു പഠിക്കുകയാണ്. 23 വർഷം മുമ്പ് മരണമടഞ്ഞ എന്റെ അച്ഛനെതിരെ വരെ മോശമായി എഴുതി. അൻവറിന് എന്താണ് എന്നോടിത്ര വിരോധമെന്ന് അറിയില്ല.
ഉമ്മൻ ചാണ്ടിയും കെ.ടി. ജലീലും അവധിക്ക് അപേക്ഷ നൽകിയപ്പോഴാണ് പി.വി. അൻവറിന് ഇതൊന്നും ബാധകമല്ലേയെന്ന് പ്രതിപക്ഷാംഗങ്ങൾ ചോദിച്ചത്. അതാണ് വിരോധത്തിന് കാരണം. താൻ ബോംബെ ആസ്ഥാനമായുള്ള കമ്പനി നടത്തി തട്ടിപ്പു നടത്തിയെന്നാണ് പറയുന്നത്. ആകെ ഡയറക്ടറായിട്ടുള്ളത് സർക്കാരിന്റെ കീഴിൽ ടൂറിസം മന്ത്രി ചെയർമാനായുള്ള മുസിരിസിലാണ്. അതുതന്നെ രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. താൻ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടെന്നു കാണിച്ച് ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പരാതിയില്ല. ഈ സ്ഥാനത്ത് ഇരുന്നു പോയി എന്നതുകൊണ്ട് എന്തും പറയാമെന്നാണോ?
ഭരണകക്ഷി എം.എൽ.എ തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വർഷം മുമ്പ് സ്‌കൂളിൽ പഠിക്കുമ്പോഴുള്ള കാര്യങ്ങൾ കൂടി അന്വേഷിക്കാം.
മുൻകൂർ നോട്ടീസ് പോലും നൽകാതെ ബിൽ ചർച്ചാവേളയിൽ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണം. ഇന്നലെ ഞാൻ സഭയിൽ ഇല്ലാതിരുന്ന സമയത്താണ് ആരോപണം ഉന്നയിച്ചത്. ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ മറുപടി നൽകുമായിരുന്നു. ഇനി അപമാനിക്കാൻ വേണ്ടി എല്ലാവരും കൂടി ചേർന്ന് ചെയ്തതാണെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കാണാമെന്നും സതീശൻ പറഞ്ഞു.