aryan-khan

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബർ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞിരുന്നു. അതിനാൽ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

വിദേശ യാത്ര

 

എൻ.സി.ബി കോടതിയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരം ആര്യൻ ഖാൻ തന്റെ പാസ്‌പോർട്ട് പ്രത്യേക കോടതിയിൽ സമർപ്പിക്കണം. എൻ‌ഡി‌പി‌എസിയിലെ പ്രത്യേക ജഡ്ജിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതി രാജ്യം വിടരുത്.

രാജ്യത്തിനുള്ളിലെ യാത്ര

ആര്യൻ ഖാന് മുംബയിൽ നിന്ന് രാജ്യത്തിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂർ അറിയിക്കുകയും, അതോടൊപ്പം യാത്രയുടെ ആവശ്യകത കൃത്യമായി ഉദ്യോഗസ്ഥനെ അറിയിക്കുകയും വേണം.

മാദ്ധ്യമങ്ങളോടുള്ള പ്രതികരണം

കോടതിയിലെ നടപടികളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വഴി മൊഴി നൽകാൻ ആര്യൻ ഖാന് അനുവദമില്ല.

കൂട്ടുപ്രതികളുമായുള്ള ആശയവിനിമയം പാടില്ല

കേസിലെ കൂട്ടുപ്രതികളുമായി നേരിട്ടോ അല്ലാതെയോ സമാന കേസിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുമായോ ആശയവിനിമയം നടത്താൻ ശ്രമിക്കരുത്.

മറ്റ് വ്യവസ്ഥകൾ

തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും പ്രത്യേകം പറയുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ എൻ.സി.ബിയുടെ മുംബയ് ഓഫീസിൽ ഹാജരാകണം.