കാഞ്ഞങ്ങാട്: ഓൺലൈൻ ക്ളാസ് അവസാനിപ്പിച്ച ഉടൻ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ പി സ്കൂൾ അദ്ധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് മരിച്ചത്. 'ചുമയുണ്ട് കുട്ടികളേ, ശ്വാസം മുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം...' എന്ന് പറഞ്ഞ് ക്ളാസ് അവസാനിപ്പിച്ച് നിമിഷങ്ങൾക്കകം മരണം സംഭവിക്കുകയായിരുന്നു.
നേരത്തേ, സഹോദരന്റെ മകനോട് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ഇയാൾ വീട്ടിലെത്തിയപ്പോൾ മാധവി വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൂന്നാം ക്ളാസിലെ കുട്ടികൾക്ക് കണക്ക് വിഷയത്തിലായിരുന്നു മാധവി ടീച്ചറുടെ അവസാനത്തെ ക്ളാസ്.വീട്ടിൽ വച്ചാണ് ക്ളാസെടുത്തത്. 'വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ' എന്ന് ക്ളാസ് തുടങ്ങുമ്പോൾ ടീച്ചർ പറഞ്ഞിരുന്നു എന്നാണ് രക്ഷിതാക്കളും കുട്ടികളും പറയുന്നത്. ടീച്ചർ ഇങ്ങനെ പറയുന്നത് പതിവില്ലെന്നും അവർ പറഞ്ഞു. ക്ളാസ് തുടങ്ങി കുറച്ചുസമയം കുട്ടികളുമായി വിശേഷങ്ങളൊക്കെ സംസാരിച്ചു. അല്പം കഴിഞ്ഞപ്പോൾ ചെറുതായി ചുമ തുടങ്ങി. എന്തുപറ്റിയെന്ന് കുട്ടികൾ ചോദിച്ചപ്പോൾ സാരമില്ലെന്നും തണുപ്പുകൊണ്ടായിരിക്കും എന്നാണ് ടീച്ചർ പറഞ്ഞത്. പിന്നീട് ഹോം വർക്കും നൽകിയശേഷമാണ് ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ് ക്ളാസ് അവസാനിപ്പിച്ചത്.
പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ടി. ബാബു. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ.