വർഷങ്ങൾക്ക് മുമ്പ് ഒരു സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ വച്ചാണ് ഞാൻ ആദ്യമായി ദാസേട്ടനെ കാണുന്നത്. അന്ന് പാട്ടുപാടി ദാസേട്ടൻ സദസിന്റെ മനം കവർന്നു. മൃദംഗവാദന മത്സരത്തിനാണ് ഞാൻ പങ്കെടുത്തത്. പാട്ട് കൂടെയുണ്ടായിരുന്നെങ്കിലും പിന്നീടാണ് എന്റെ മുഴുവൻ ശ്രദ്ധയും പാട്ടിലേക്ക് തിരിഞ്ഞത്.
മലയാളം കണ്ട എക്കാലത്തെയും നല്ല ഗായകരിൽ ഒരാളാണ് യേശുദാസ്. ഏറെക്കുറെ സമകാലികനാണെങ്കിലും പിന്നണിഗാനരംഗത്ത് ഞാൻ അദ്ദേഹത്തേക്കാൾ അഞ്ച് വർഷം ജൂനിയറാണ്. 1961 ലാണ് ദാസേട്ടൻ സിനിമയിൽ ആദ്യഗാനം ആലപിക്കുന്നത്.
1965 ൽ ഞാനും സിനിമാ പാട്ടുകാരനായി.
ഇത്രയും വർഷത്തിനിടയിൽ ഞാനും ദാസേട്ടനും ചേർന്നുപാടിയ ഗാനങ്ങൾ നിരവധിയുണ്ട്. ആ ഒാരോ പാട്ടും ഒരോ പുതിയ പുതിയ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ആരോമലുണ്ണി എന്ന സിനിമയിലെ ''പാടാം പാടാം ആരോമൽ ചേകവർ"" എന്ന പാട്ടാണ് ഒരുമിച്ച് ആദ്യമായി പാടിയത്. ഉദയായുടെ ആ ചിത്രത്തിന്റെ റെക്കോർഡിംഗ് എ . വി എം സ്റ്റുഡിയോയിൽ വച്ചായിരുന്നു. ദേവരാജൻ മാഷാണ് ആ പാട്ടിന് സംഗീതം ചെയ്തത്. ''കനകസിംഹാസനത്തിൽ.""
''സമയ രഥങ്ങളിൽ "" തുടങ്ങിയ പാട്ടുകളുടെ റെക്കോർഡിംഗും രസകരമായിരുന്നു. പാടുമ്പോൾ അവരവരുടെ ഭാഗം മനോഹരമാക്കാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നു. പക്ഷേ അതിൽ ഒരിക്കലും മത്സരം ഉണ്ടായിരുന്നില്ല. ദാസേട്ടനൊപ്പം അവസാനമായി ഒരു ഗാനം പാടിയത് വർഷങ്ങൾക്ക് മുമ്പായിരുന്നു.
ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ദാസേട്ടന്റെ പല പാട്ടുകളും ഞാൻ പാടാറുണ്ട്. ''താമസമെന്തേ വരുവാൻ"" ,
'' പ്രേമിച്ചു പ്രേമിച്ചു നിന്നെ "", '' പാരിജാതം തിരുമിഴി തുറന്നു "" തുടങ്ങിയവ ഞാൻ പതിവായി പാടാറുള്ളവയാണ്. വിജയ്ക്കൊപ്പം ഇതുവരെ സിനിമയിൽ പാടാൻ എനിക്ക് അവസരം ഉണ്ടായിട്ടില്ല . ദാസേട്ടന്റെ സംഗീത ധാര തലമുറകളിലൂടെ കൈമാറുമ്പോൾ അതിൽ മലയാളികൾക്കെല്ലാം അഭിമാനിക്കാം.
( കേരളകൗമുദി ആർക്കൈവ്സിൽ നിന്ന് )