യേശുദാസിന്റെ ആദ്യ പാട്ടിന്റെ അറുപതാം പിറന്നാളിന് സുജാതയുടെ ആറ് പാട്ട് ഒാർമകൾ
ആദ്യ പാട്ടോർമ
ദാസേട്ടന്റെ പാട്ട് ആദ്യമായി കേട്ടത് എപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാൻ ഒരു മലയാളിയ്ക്കും കഴിയില്ല .എന്നാൽ ഒാർമവച്ച കാലം മുതൽ കേൾക്കുന്നുണ്ട് ആ ഗാനധാര. താമസമെന്തേ വരുവാൻ എന്ന പാട്ട് കുട്ടിക്കാലത്ത് എപ്പോഴൊ മനസിൽ കയറികൂടിയത് ഒാർക്കുന്നുണ്ട്. കായാമ്പൂ കണ്ണിൽവിടരും, ആയിരം പാദസരങ്ങൾ, പൊൻവെയിൽ മണിക്കച്ച, ഉത്തരാസ്വയംവരം, സന്ധ്യമയങ്ങും നേരം എന്നീ പാട്ടുകൾ കേട്ട ഒാർമയും മനസിൽ മായാതെ നിൽക്കുന്നു. ആ പാട്ടുകൾ സമ്മാനിച്ച ഒാർമ ഒരിക്കലും നഷ്ടപ്പെടില്ല .ഏതൊരു മലയാളിയും ഹൃദയത്തിലേറ്റിയ പാട്ടുകൾ. എത്രയോ തവണ കേട്ടു. എത്രയോ തവണ മൂളി.ഇപ്പോൾ കേൾക്കുമ്പോഴും അറിയാതെ താളം പിടിക്കും.ദാസേട്ടനെ പോലെ ആ പാട്ടുകൾക്കും ചെറുപ്പം.
ആദ്യ സ്റ്റേജ് ഒാർമ
നാലരപതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഡിസംബർ. ഫോർട്ട് കൊച്ചിയിൽ ദാസേട്ടനൊപ്പം ഗാനമേളയിൽ പാടാൻ അവസരം. പുഷ്പഗന്ധീ സ്വപ്നഗന്ധീ പ്രകൃതി എന്ന പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചതും ദാസേട്ടൻ. ആ പാട്ട് പാടി ഞാൻ സംഗീത യാത്ര തുടങ്ങി.
ഗാനമേള കഴിഞ്ഞപ്പോൾ ദാസേട്ടൻ എനിക്ക് ഒാട്ടോഗ്രാഫ് എഴുതിതന്നു. അമ്പലം ചെറുതായാലും പ്രതിഷ്ഠ വലുതാകും. ദാസേട്ടൻ എന്ന മഹാഗായകനിൽ നിന്ന് ലഭിച്ച ആദ്യ അഭിനന്ദനം മനോഹരമായ ഒരു ഗാനംപോലെ ഇപ്പോഴും സൂക്ഷിക്കുന്നു.
അതിനുമുൻപ് അച്ഛന്റെ ബന്ധുവിന്റെ വിവാഹത്തിന് ഗുരുവായൂരിൽ ദാസേട്ടന്റെ ഗാനമേള ഉണ്ടായിരുന്നു. 'കുട്ടി നന്നായി പാടുമെന്ന് "പറഞ്ഞു ബന്ധു ദാസേട്ടന് എന്നെ പരിചയപ്പെടുത്തി. രണ്ടു കൈയിലും പിടിച്ച് ദാസേട്ടൻ എന്നെ സ്റ്റേജിൽ കയറ്റി. അന്ന് എനിക്ക് പത്തു വയസാണ്. ആ വിവാഹ ചടങ്ങിൽ മോഹനും (ഭർത്താവ്) ഉണ്ടായിരുന്നു എന്നത് ആകസ്മികം. അവിടെ വച്ചാണ് മോഹൻ എന്നെ ആദ്യമായി കാണുന്നത്.
ബേബി സുജാതയും സുജാതയും
ബേബി സുജാതയ്ക്ക് ദാസേട്ടൻ എന്ന ഗായകന്റെ വലിപ്പം അറിയില്ലായിരുന്നു. പാട്ട് പാടാൻ വിളിച്ചപ്പോൾ പാടി. ഒരിക്കൽ പോലും ഭയം തോന്നിയില്ല. എല്ലാ കാര്യവും പറയാനുള്ള സ്വാതന്ത്ര്യം. ജ്യേഷ്ഠസഹോദരന്റെയും പിതൃതുല്യന്റെയും സ് നേഹവാത്സല്യം ലഭിച്ചു. ഇടയ്ക്ക് സ് നേഹപൂർവമായ ശകാരങ്ങൾ.രണ്ടായിരത്തിലധികം വേദികളിൽ ദാസേട്ടനൊപ്പം ഗാനമേളകളിൽ പാടി. കാറിനു പിന്നിൽ പ്രഭച്ചേച്ചിയുടെ മടിയിൽ തലവച്ചുറങ്ങിയാണ് മടക്കം. കാമം ക്രോധം മോഹം എന്ന ചിത്രത്തിനുവേണ്ടിയാണ് ദാസേട്ടനൊപ്പം ആദ്യമായി സിനിമയിൽ പാടുന്നത്. സ്വപ്നം കാണും പെണ്ണേ എന്ന ഗാനം. അന്ന് ആറാം ക്ളാസിലാണ് പഠിക്കുന്നത്. ജെമിനി സ്റ്റുഡിയോയിലാണ് റെക്കോർഡിങ് . കസേരയിൽ കയറി നിന്ന് മൈക്കിനൊപ്പം ഉയരം ഒപ്പിച്ചു. ദാസേട്ടൻ മഹത്തായ പിറവിയാണെന്നും ആ മഹത്വവും വളർന്നപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.അതിനുശേഷം ദാസേട്ടനൊപ്പം പാടുമ്പോൾ ഭയം തോന്നി. പാട്ടിൽ മാത്രം ലയിച്ചു ദാസേട്ടൻ പാടുമ്പോൾ അതിനു അരികിലെങ്കിലും എത്തണമല്ലോ. അതിനാൽ പാടുന്നതിനു മുൻപ് നല്ല പരിശീലനം വേണമെന്ന് പഠിച്ചു.അങ്ങനെ എനിക്ക് പഠിപ്പിച്ചു തന്നു ദാസേട്ടൻ.
ആ കൂട്ടത്തിൽ ഒരു കുട്ടി
ദാസേട്ടന്റെ കുടുംബം വളർന്നു. മക്കളുടെ കൂട്ടത്തിൽ ഒരു കുട്ടിയായി ദാസേട്ടൻ എന്നെയും കണ്ടു. ശ്വേതയെ ഗർഭം ധരിക്കുന്നതിന് മുൻപ് ഒരു തവണ എനിക്ക് ഗർഭം അലസിയിരുന്നു. മാനസികമായി ഏറെ തളർന്നപ്പോൾ ദാസേട്ടനും പ്രഭച്ചേച്ചിയുംസ്വന്തം വീട്ടിൽ എന്നെ താമസിപ്പിച്ചാണ് പരിചരിച്ചത്. സ് നേഹത്തിനൊപ്പം കരുതലും മതിയാവോളം ലഭിച്ച ദിനങ്ങൾ. നേരിട്ടുകാണുമ്പോൾ ദാസേട്ടൻ പാട്ടു പാടിക്കും. എന്നിട്ട് ഉപദേശം നൽകും. അപ്പോഴൊക്കെ ബഹുമാനം കൂടിക്കൊണ്ടേയിരുന്നു. ഫോൺ വിളിച്ചാൽ മോളെ പാട്ട് എങ്ങനെ പോവുന്നു എന്നാണ് ആദ്യത്തെ ചോദ്യം. മധുരതരമായ ശബ്ദത്തിൽ പാടാൻ വേണ്ടി ദാസേട്ടൻ സമർപ്പണം കാട്ടുന്നത് എത്രയോ തവണ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോൾ സ്നേഹത്തിനൊപ്പം ബഹുമാനം പിന്നെയും കൂടി.ഏറെ ആരാധിച്ച മഹാ ഗായകനൊപ്പം പാടാൻ കഴിഞ്ഞത് എന്റെ ജന്മപുണ്യം.
അന്നും ഇന്നും
എന്നെ തേടിവന്ന അംഗീകാരങ്ങൾ, ഗായികയായി നിൽക്കുന്നത് എല്ലാം ദാസേട്ടനിൽനിന്ന് പഠിച്ച കർശനമായ ചിട്ടയുടെയും അച്ചടക്കത്തിന്റെയും ഫലമാണ്. പുളിയും എരിയും കഴിക്കുന്നത്, ഐസ്ക്രീം രുചിക്കുന്നത് എല്ലാം ശബ്ദത്തെ ബാധിക്കുമെന്ന് നിരന്തരം ഒാർമ്മിപ്പിച്ചത് അക്ഷരംപ്രതി അനുസരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ട അതേ സമർപ്പണത്തോടെയാണ് ദാസേട്ടൻ സംഗീതത്തെ ഉപാസിക്കുന്നത്. ഇനിയും പഠിക്കാനുണ്ടെന്ന് ദാസേട്ടൻ ഇടയ്ക്ക് പറയാറുണ്ട്. ഭാര്യ എന്ന നിലയിൽ പ്രഭച്ചേച്ചി പൂർണ പിന്തുണ നൽകുന്നതുകൊണ്ടാണ് ദാസേട്ടന് ഉയരങ്ങൾ താണ്ടാൻ കഴിയുന്നത്. മക്കൾ വളരുന്ന സമയത്ത് ഒരു കാര്യവും പ്രഭച്ചേച്ചി ദാസേട്ടനെ അറിയിച്ചിട്ടില്ല. ഉത്തമ മാതൃക പുലർത്തുന്ന ഭർത്താവും ഭാര്യയും. നിറഞ്ഞു ചിരിച്ച് ദാസേട്ടന് പിന്നിൽ എപ്പോഴും പ്രഭച്ചേച്ചി. ഒരു അമ്മയുടെ, മൂത്ത ചേച്ചിയുടെ സ്നേഹവാത്സല്യം തന്നു പ്രഭച്ചേച്ചി.ഞങ്ങളുടെ മകളാണെന്ന് ചേർത്തുനിറുത്തി പറഞ്ഞ എത്രയോ സന്ദർഭങ്ങൾ. പ്രിയ ദാസേട്ടാ, പ്രഭച്ചേച്ചി, രണ്ടുപേർക്കും ഒരായിരം സ്നേഹം.
പകർത്താൻ ഒന്നു മാത്രം
അന്നും ഇന്നും സംഗീതത്തിൽ ദാസേട്ടൻ കാട്ടുന്ന കൃത്യനിഷ്ഠയും സമർപ്പണവും കണ്ടുതന്നെ പഠിക്കണം. എൺപത്തിരണ്ടാം വയസിലും തുടരുന്ന സംഗീതസപര്യ. അമേരിക്കയിൽ നിന്ന് ഇപ്പോൾ പ്രഭച്ചേച്ചി വിളിക്കുമ്പോഴും ദാസേട്ടൻ സാധകം ചെയ്യുന്നത് കേൾക്കാം.
ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ ദാസേട്ടൻ ഹെഡ് ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കും. അല്ലെങ്കിൽ സംഗീതത്തെക്കുറിച്ച് അറിവു പകരുന്ന പുസ്തകങ്ങളുടെ വായനയിൽ മുഴുകും.ദാസേട്ടന് സംഗീതത്തെക്കുറിച്ച് മാത്രമാണ് ചിന്ത.
ആ ജീവിതത്തിൽ നിന്ന് എല്ലാവർക്കും പകർത്താൻ സംഗീതം മാത്രമേയുള്ളൂ.
ആ ശബ്ദം ഇങ്ങനെ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും
പ്രിയ താരം മോഹൻലാൽ എഴുതുന്നു
അപൂർവ്വം പേരേ എന്നെ ലാലൂ എന്ന് വിളിക്കാറുള്ളൂ. അതിലൊരാളാണ് ദാസേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബത്തെ എനിക്ക് അടുത്തറിയാം. അവർ ഞങ്ങളുടെ നാട്ടുകാരിയാണ്. കോഴഞ്ചേരിയിൽ. പിന്നീട് തിരുവനന്തപുരത്ത് ജഗതിയിലും താമസിച്ചിട്ടുണ്ട്.
ഞാൻ നിർമ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് വേണ്ടി ദാസേട്ടൻ. പാടിയ പ്രമദവനം ചിത്രീകരിച്ച നാളുകൾ ഇപ്പോഴെന്റെ ഒാർമ്മയിലേക്ക് വരുന്നു.ദാസേട്ടന്റെ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ രാഗധാര എന്നെത്തന്നെ ആവാഹിച്ചെടുക്കുകയായിരുന്നു. ഒടുവിൽ ആ നിമിഷങ്ങളിൽ എന്റെ പ്രജ്ഞയിൽ ആ ശബ്ദം മാത്രമായി. ആ ശബ്ദം എന്റെതന്നെ ശബ്ദമായി. അത്രമാത്രം ഞാനാ ഭാവത്തിൽ ധ്വനിമണ്ഡലത്തിൽ ലയിച്ചു. വർഷങ്ങൾ എത്രയോ കടന്നുപോയി. പിന്നീടും എന്റെ എത്രയോ ചിത്രങ്ങളിൽ ദാസേട്ടൻ എനിക്കുവേണ്ടി പാടി.എന്റെ രണ്ട് സിനിമകളിലെ പാട്ടുകൾക്ക് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. ഒന്ന് ഞാൻ നിർമ്മിച്ച ഭരതത്തിന്, മറ്റൊന്നു ഉണ്ണികളെ ഒരുകഥ പറയാം. അദ്ദേഹത്തിന് ധാരാളം ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പാടി ഞാൻ അഭിനയിക്കുന്ന സിനിമയിൽ ദേശീയ അവാർഡ് കിട്ടുന്നത് എനിക്ക് അഭിമാനമാണ്. ഇനിയൊരു ജന്മം എന്ന അർത്ഥശൂന്യതയിൽ ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അടുത്ത ജന്മത്തിലും യേശുദാസ് ഗായകനായി പിറന്ന് ആ സ്വരം നമ്മളെ ധന്യമാക്കട്ടെ എന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഒന്നെനിക്ക് തീർച്ചയാണ്, ആ ശബ്ദം ഇങ്ങനെ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും.
( കേരളകൗമുദി ആർക്കൈവ്സിൽ നിന്ന്)